പാലാ: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെഎം മാണിയുടെ മൃതശരീരം 21 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിച്ചു. തങ്ങളുടെ സ്വന്തം മാണി സാറിനെ ഒരു നോക്ക് കാണാനായി തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ മൃതദേഹം വഹിച്ചുള്ള വാഹനം വിചാരിച്ചതിലും ഏറെ വൈകിയാണ് ജന്മനാട്ടിലേക്ക് എത്തിയത്. പതിനായിരങ്ങളാണ് വിലാപയാത്രയില്‍ അണിചേര്‍ന്നത്. രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനായി എത്തിച്ചത്. രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
‘ഇല്ലാ ഇല്ല മരിക്കില്ല, കെഎം മാണി മരിക്കില്ല’ എന്ന മുദ്രാവാക്യത്തോടെ ഓരോ നാട്ടിലും ജനങ്ങള്‍ കെഎം മാണിയെ അവസാനമായി സ്വീകരിക്കുകയും യാത്രയയ്ക്കുകയും ചെയ്തു. വീട്ടിലെ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നത്.
ഉച്ചവരെ പാലയില്‍ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ കെഎം മാണിയുടെ പൊതുദര്‍ശനം നടക്കും. പിന്നീട് രണ്ട് മണി മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ നിന്ന് ഏറെ അകലെയല്ലാതെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാര ശുശ്രൂഷകളിലും പങ്കെടുക്കും.
ഇന്നലെ രാവിലെ പത്തു മണിയോടെ എറണാകുളത്തെ ലേക്ഷോര് ആശുപത്രില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര പതിമൂന്ന് മണിക്കൂര്‍ വൈകിയാണ് കോട്ടയത്ത് എത്തിയത്. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചു. പിന്നീട് രാവിലെ ഏഴ് പത്തിനാണ് വിലാപയാത്ര കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത്.
Discussion about this post