യുവാക്കളെ മുണ്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; പ്രതിയുടെ ആഗ്രഹം വലിയ ഗുണ്ടാനേതാവ് ആകണം!

സംഭവത്തില്‍ ഇവരുമായി മുന്‍വൈരാഗ്യമുള്ള പപ്പാരംകോട് സ്വദേശി മാര്‍ഷലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പത്തനാപുരം: യുവാക്കളെ മുണ്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച പ്രതിയുടെ ആഗ്രഹമാണ് ഇന്ന് പോലീസ് ഉള്‍പ്പടെയുള്ള എല്ലാവരെയും അമ്പരപ്പിക്കുന്നത്. അറിയപ്പെടുന്ന ഗുണ്ടാനേതാവായി വാഴണമെന്നാണ് ഈ പ്രതിയുടെ ആവശ്യം. പത്തനാപുരത്ത് രണ്ട് യുവാക്കള്‍ ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പപ്പാരംകോട് നൗഫി മന്‍സിലില്‍ നൗഫല്‍(38), ബന്ധു ആര്യങ്കാവ് ഇടപ്പാളയം സ്വദേശി സിദ്ദീഖ്(25) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

സംഭവത്തില്‍ ഇവരുമായി മുന്‍വൈരാഗ്യമുള്ള പപ്പാരംകോട് സ്വദേശി മാര്‍ഷലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുന്‍പു നൗഫലിന്റെ വീട്ടിലേക്കുള്ള വഴിയടച്ചു വാഹനം പാര്‍ക്ക് ചെയ്‌തെന്ന പരാതിയാണ് സംഘര്‍ഷത്തിന് തുടക്കമായത്. അന്നു മാര്‍ഷലിനെ നൗഫലും സിദ്ദീഖും മര്‍ദ്ദിച്ചിരുന്നു. പോലീസ് ഇടപെട്ട് തുടര്‍സംഘര്‍ഷം ഒഴിവാക്കിയെങ്കിലും മാര്‍ഷല്‍ പക മനസില്‍ സൂക്ഷിച്ച് തക്കം കിട്ടിയപ്പോള്‍ തീര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഗുണ്ടാനേതാവ് ആകുന്നതിന് പല ശ്രമങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് ആക്രമിക്കുന്ന രീതിയാണ് ഇയാളുടേതെന്നും പോലീസ് പറയുന്നു. മാര്‍ഷലിനൊപ്പം ഒരാള്‍ കൂടിയുണ്ടായിരുന്നെന്ന നിഗമനത്തിലാണു പോലീസ്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ ഉറങ്ങുകയായിരുന്ന നൗഫലിനെയും സിദ്ദീഖിനെയും ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മുണ്ടില്‍ കെട്ടി മാര്‍ഷലിന്റെ വീട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

Exit mobile version