കൊച്ചി: ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ഉള്ളത്. അതേസമയം പരസ്പരം ആശംസകള്‍ അര്‍പ്പിക്കുന്നതിന് പുറമെ ചില വിമര്‍ശനങ്ങളും പരസ്പരം ഉയര്‍ത്തുന്നുണ്ട്. കെ സുധാകരനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എയുമായ എം സ്വരാജ്.
പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും സൃഷ്ടിപരമായ വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ത്തേണ്ട യുഡിഎഫിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ചെന്നുപെട്ടിരിക്കുന്ന അവസ്ഥ പരിതാപകരമാണെന്നാണ് സ്വരാജ് പറയുന്നത്. ബിജെപിയുമായി അനുഭാവമില്ല എന്ന് അറിയിക്കാന്‍ നെറ്റിയിലെ കുറി മായ്ക്കുന്നു എന്നും സ്വരാജ് പോസ്റ്റില്‍ കുറിക്കുന്നു
സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്..
വോട്ടു ചോദിക്കാൻ സമയം കിട്ടാത്ത ചില സ്ഥാനാർത്ഥികൾ
അഥവാ
പ്രചരണം മുന്നേറുമ്പോഴുള്ള കൗതുകങ്ങൾ …
എം.സ്വരാജ്.
കേരളത്തിൽ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് രണ്ടാഴ്ച മാത്രം. പ്രചരണം കൊടുമ്പിരിക്കൊള്ളുമ്പോൾ രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും സൃഷ്ടിപരമായ വിമർശനങ്ങളുമൊക്കെ ഉയർത്തേണ്ട UDF ലെ പ്രമുഖ സ്ഥാനാർത്ഥികൾ ചെന്നുപെട്ടിരിക്കുന്ന അവസ്ഥ നോക്കൂ.
* കാസർകോട്.
ഇന്നോളം മാഞ്ഞിട്ടില്ലാത്ത നെറ്റിയിലെ കുറി ഇപ്പോൾ കാണാതായതെങ്ങനെയെന്ന് വിശദീകരിക്കണം. BJP അനുഭാവമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണം.
* കണ്ണൂർ:
ജയിച്ചാൽ BJP യിലേക്ക് പോവില്ലെന്ന് ലക്ഷങ്ങൾ ചിലവിട്ടു കൊണ്ട് പരസ്യം കൊടുക്കണം. അപ്പോൾ തോറ്റാൽ BJP യിലേക്ക് പോകുമോയെന്ന ന്യായമായ സംശയത്തിന് മറുപടി നൽകാൻ പുതിയ പരസ്യമിറക്കണം .
*വടകര
MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന സ്വന്തം വിമർശനം സ്വന്തം കാര്യത്തിൽ മാത്രം ബാധകമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം
* വയനാട്
ബിജെപിയെ തോൽപ്പിക്കാൻ ബിജെപിയ്ക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ, ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത വയനാട്ടിൽ വന്നതെന്തിനെന്ന് വിശദീകരിച്ച ശേഷം ക്ഷീണം മാറ്റാൻ പോലും സമയമെടുക്കാതെ തൊട്ടടുത്ത മാണ്ഡ്യയിലെ ബിജെപി – കോൺഗ്രസ് മുന്നണിയുടെ അനിവാര്യതയും വിശദീകരിക്കണം.
* കോഴിക്കോട്
അഴിമതിക്കാരനല്ലെന്ന് വിശദീകരിക്കണം.
കാശ് ചോദിച്ചില്ലെന്നും, ചോദിച്ചാൽ തന്നെ വാങ്ങിച്ചില്ലെന്നും , വാങ്ങിച്ചാൽത്തന്നെ കൈക്കൂലിയല്ല ബ്രോക്കറേജാണെന്നും വാദിക്കണം. ശബ്ദം ഡബ് ചെയ്തതാണെന്നും ഇനി അങ്ങനെയല്ല സ്വന്തം ശബ്ദമാണെങ്കിൽ തന്നെ അത് സി പി ഐ (എം) ഗൂഢാലോചനയാണ് എന്നും സമർത്ഥിക്കണം.
* ആലത്തൂർ
അധ്യക്ഷയായ തദ്ദേശ സ്ഥാപനം കേരളത്തിലേറ്റവും പുറകിലായിപ്പോയതെങ്ങനെയെന്ന് വിശദീകരിക്കണം. ലഭിച്ച അവസരത്തിലെ ഭരണപരാജയം കഷ്ടപ്പെട്ടു മറച്ചു വെയ്ക്കണം.
* മലപ്പുറം
പരമപ്രധാനമായ പാർലമെന്റ് സമ്മേളനങ്ങളിൽ, വോട്ടെടുപ്പിൽ ഒക്കെ വിമാനം മിസാവുന്നതെങ്ങനെയെന്ന് വിശദീകരിക്കണം. ബിരിയാണിയോ പാർലമെന്റോ പ്രധാനമെന്ന് ഉറപ്പിച്ചു പറയണം.
* പൊന്നാനി
പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ രക്ഷിക്കാൻ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളോട് പ്രളയ സമയത്തെ ജർമൻ ടൂറിനേപ്പറ്റി വിശദീകരിക്കണം
* കോട്ടയം
കഴിഞ്ഞ തവണ വോട്ടു ചെയ്തു ജയിപ്പിച്ച എം.പി ഒരു വർഷം കാലാവധി ബാക്കി നിൽക്കേ ജനങ്ങളെ വഞ്ചിച്ച് മണ്ഡലം അനാഥമാക്കിയതെന്തുകൊണ്ടെന്ന് വിശദീകരിക്കണം.
* മാവേലിക്കര
പിണറായി സർക്കാരിനെ പ്രശംസിച്ച് പ്രസംഗിച്ചത് ഈ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രസക്തമല്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണം. യോഗങ്ങളിൽ ആളില്ലാതെ വരുമ്പോൾ ക്ഷോഭമടക്കാൻ പ്രത്യേക പരിശീലനം തേടണം.
*കൊല്ലം
ഇപ്പോൾ ഏതു പാർട്ടിയിലാണ് , ഏതു മുന്നണിയിലാണ് തുടങ്ങിയ വോട്ടർമാരുടെ സംശയങ്ങൾ ദുരീകരിക്കണം. BJPയോട് തനിക്കു വേണ്ടി പരസ്യപ്രചരണം നടത്തരുത് രഹസ്യമായേ പാടുള്ളൂവെന്ന് ദിവസേന ഓർമിപ്പിക്കണം.
* തിരുവനന്തപുരം
പത്രക്കടലാസിൽ പൊതിയാതെയും മത്സ്യം കൈ കൊണ്ട് തൊടാൻ മടിയില്ലെന്നും , മലയാളവും അറിയാമെന്നും തുടർച്ചയായി തെളിയിക്കണം.