തൃശ്ശൂരില്‍ വിമാനത്താവളം; വിവാഹത്തിന് സ്വര്‍ണ്ണം വാടകയ്ക്ക് നല്‍കും; രാജ്യാതിര്‍ത്തിയില്‍ മതില്‍; തൃശ്ശൂരിലെ വോട്ടര്‍മാരെ ഞെട്ടിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക

തൃശ്ശൂര്‍: കര്‍ഷക പ്രശ്‌നങ്ങളും സ്ത്രീ സുരക്ഷയും തൊഴിലില്ലായ്മയുമൊക്കെ പ്രധാന വിഷയങ്ങളാക്കി പുറത്തിറക്കിയ പ്രമുഖ പാര്‍ട്ടികളുടെ പ്രകടന പത്രിക സാധാരണക്കാരും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഈ മാതൃകയൊന്നും പിന്തുടരാതെ വളരെ വ്യത്യസ്തമായ പ്രകടന പത്രികയുമായി രംഗത്തെത്തി നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. വാഗ്ദാനങ്ങളും പ്രകടന പത്രികയൊക്കെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും വേണമെന്ന ചിന്തയാണ് ഈ സ്ഥാനാര്‍ത്ഥിയെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ വിമാനത്താവളം, കര്‍ഷകര്‍ക്ക് ഒരേക്കര്‍ കൃഷി ഭൂമി, മിനിമം വേതനം 400 രൂപ, വര്‍ഷം 12,000 രൂപ, വിവാഹത്തിന് സ്വര്‍ണ്ണം വാടകയ്ക്ക് നല്‍കുന്ന പദ്ധതി തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ഈ സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രികയിലുള്ളത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സോനുവാണ് പ്രകടന പത്രികയൊക്കെ പുറത്തിറക്കി താരമായിരിക്കുന്ന ഈ സ്ഥാനാര്‍ത്ഥി. ഇതെല്ലാം നടപ്പാക്കാന്‍ പോകുന്ന വാഗ്ദാനങ്ങളാണെന്ന് സോനു അടിവരയിട്ടു പറയുന്നു. തൃശ്ശൂര്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ലോക്‌സഭയിലേക്കാണല്ലോ മത്സരം, അതിനാല്‍ വാഗ്ദാനം ഒട്ടും കുറയ്ക്കുന്നില്ല. ജയിച്ചാല്‍ രാജ്യാതിര്‍ത്തിയില്‍ ഇന്ത്യാ മതില്‍ നിര്‍മ്മിക്കുമെന്നും സോനു പറയുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം ഫുട്‌ബോളാണ്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മത്സരം.

Exit mobile version