കാസര്‍കോട്: വയനാട് ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ അതോ പാകിസ്താനിലോ എന്നാണ് അമിത് ഷാ പറഞ്ഞത്.
രാജ്യത്ത് ബിജെപി നേതൃത്വം വിഭാഗീയത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഈ പ്രസ്താവനയില്‍ അമിത്ഷായും ബിജെപിയും മാപ്പ് പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
കാശ്മീരില്‍ പിഡിപിയുടെ പച്ചക്കൊടി പിടിക്കുന്നതില്‍ ബിജെപിയ്ക്ക് കുഴപ്പമൊന്നുമില്ലേയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. അമ്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെ യോഗി വര്‍ഗീയപാര്‍ട്ടി എന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു. കാസര്‍കോഡ് പാര്‍ലമന്റ് മണ്ഡലം യുഡിഎഫ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Discussion about this post