കെഎം മാണിയുടെ മരണം: ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: കെഎം മാണി മരിച്ച സാഹചര്യത്തില്‍ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. കേസ് നിലനില്‍ക്കാത്തതു കൊണ്ടാണ് കോടതിയുടെ തീരുമാനം. ഹൈക്കോടതിയില്‍ വിഎസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.

ബാര്‍ കോഴ കേസിന്റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിന്റെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യം ഇല്ലെന്നായിരുന്നു വിഎസിന്റെ വാദം. സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമ ഭേദഗതി വരുന്നതിന് മുന്‍പുള്ള കേസ് ആണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിഎസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കേസായിരുന്നു ബാര്‍ കോഴ കേസ്. അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ രാജിയിലേക്കു നയിച്ച കേസ് യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അനന്തമായി നീളുകയായിരുന്നു.

Exit mobile version