കണ്ണൂര്‍: ആദ്യശ്രമത്തില്‍ പ്രിലിമിനറി മാത്രം പാസാകാനായുള്ളൂവെങ്കിലും കഠിന പരിശ്രമത്തിലൂടെ 26ാം വയസില്‍ ഐഎഎസ് എന്ന സ്വപ്‌നം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് മുഹമ്മദ് അബ്ദുള്‍ ജലീല്‍ എന്ന ഈ യുവാവ്. ഉപ്പാപ്പയുടെ ആഗ്രഹവും മൂത്താപ്പയുടെ അകമഴിഞ്ഞുള്ള പ്രോത്സാഹനവും ഉപ്പയുടേയും ഉമ്മയുടേയും സഹോദരങ്ങളുടേയും പിന്തുണയുമായതോടെ മുഹമ്മദിന് സിവില്‍ സര്‍വീസ് അകലെയല്ലാത്ത സ്വപ്‌നമായി മാറുകയായിരുന്നു. സിവില്‍ സര്‍വീസ് ഒരു ആഗ്രഹമായി മനസില്‍ കയറിയതോടെ സ്ഥിരോത്സാഹത്തോടെ പഠിച്ച് കണ്ണൂര്‍ വിളയാങ്കോട് എഎം ഹൗസിലെ അബ്ദുള്‍ ജലീലിന്റെയും എസ്‌കെപി ഫാത്തിമയുടെയും മകനായ മുഹമ്മദ് അബ്ദുള്‍ ജലീല്‍ എന്ന യുവാവ് ഐഎഎസ് എന്ന ആഗ്രഹത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 434-ാം റാങ്കോടെയാണ് മുഹമ്മദ് ആഗ്രഹം സഫലീകരിച്ചത്.
പഴയങ്ങാടി വാദിഹുദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മുഹമ്മദ് പ്ലസ്ടു വരെ പഠിച്ചത്. കോഴിക്കോട് എന്‍ഐടിയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് ബിരുദമെടുത്തശേഷം ഡല്‍ഹി ജാമിഅഃ മില്ലിയ്യ പരിശീലനകേന്ദ്രത്തില്‍ സ്‌കോളര്‍ഷിപ്പോടെ പരിശീലനം നടത്തി സിവില്‍ സര്‍വീസ് എഴുതി. ആദ്യ ശ്രമത്തില്‍ പ്രിലിമിനറി വിജയം മാത്രമെ സ്വന്തമായുള്ളൂ. പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയതോടെ 434-ാം റാങ്കോടെ സിവില്‍ സര്‍വീസ് വിജയം കരസ്ഥമാക്കി.
മുഹമ്മദിന്റെ പിതാവും പഠനത്തില്‍ മിടുക്കനായിരുന്നു. ബിരുദം ഉയര്‍ന്ന മാര്‍ക്കോടെയാണ് പാസായത്. മുഹമ്മദിന്റെ ഉപ്പാപ്പ, അതായത് അബ്ദുള്‍ ജലീലിന്റെ പിതാവ് ഷാഹുല്‍ ഹമീദിന്റെ സ്വപ്‌നമായിരുന്നു മകനെ ഐഎഎസ് ആക്കുക എന്നത്. എന്നാല്‍ പഠനശേഷം അബുദാബിയില്‍ ജോലി ലഭിച്ചതോടെ അബ്ദുള്‍ ജലീലിന് ഐഎഎസ് മോഹം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറം മകന്‍ മുഹമ്മദിലൂടെ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അബ്ദുള്‍ ജലീല്‍.
രണ്ടാമത്തെ ശ്രമത്തിലാണ് മുഹമ്മദ് സിവില്‍ സര്‍വീസില്‍ വിജയം കൊയ്തത്. മുഹമ്മദിന്റെ മൂത്താപ്പ ഹംസ ഈ വിജയത്തിനായി അദ്ദേഹത്തിനൊപ്പം ചേര്‍ന്നുനിന്ന പ്രധാന വ്യക്തിയായിരുന്നു. ഹംസ നല്‍കിയ പ്രോത്സാഹനം ചെറുതല്ല. എന്നാല്‍ പരീക്ഷാ ഫലം വരുമ്പോഴേക്കും മൂത്താപ്പ രോഗത്താല്‍ മരണപ്പെട്ടത് ഈ കുടുംബത്തിന് സന്തോഷത്തിനിടയിലും തീരാനോവായി. മുഹമ്മദിന് കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. മുഹമ്മദിന്റെ സഹോദരങ്ങള്‍: ജലീഫ, നുസൈബ, മുര്‍ഷിദ് (കുസാറ്റ്)
Discussion about this post