തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പലകാരണങ്ങള്‍ കൊണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന പ്രദേശത്തെ വീടുകളില്‍ നിന്നും ചോറ് ചോദിച്ചു വാങ്ങി കഴിച്ചും, പിഞ്ചുകുഞ്ഞുങ്ങളുടെ നാമകരണം നിര്‍വ്വഹിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ, തൃശ്ശൂരിലെ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തില്‍ വലിയൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി.
കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ചെയ്യും എന്നത് വെറും വാക്കല്ല. ചെയ്തിരിക്കുമെന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വാഗ്ദാനത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കുന്നു.
‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.’-സുരേഷ് ഗോപി വിശദീകരിക്കുന്നു.
പതിവുപോലെ നടക്കാത്ത സ്വപ്നം വാഗ്ദാനം ചെയത് സുരേഷ് ഗോപി എംപിക്ക് പൊങ്കാലയുമായി സോഷ്യല്‍മീഡിയയും എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ‘മെട്രോ ഞാന്‍ അണ്ണാക്കില്‍ തള്ളി തരുമെന്ന് കരുതിയോ’ എന്ന് പാവം ജനങ്ങളോട് ചോദിക്കാനല്ലേ ഇപ്പോള്‍ താങ്കളുടെ വാഗ്ദാനമെന്ന് ചിലര്‍ പരിഹസിക്കുന്നു. ലോജിക്കില്ലാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു നന്മ മരത്തെ വളര്‍ത്താനുള്ള തൃശ്ശൂര്‍കാരുടെ അസുലഭ അവസരമാണിത് പാഴാക്കരുതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു.
കൊച്ചിയിലെ 12 കിലോമീറ്റര്‍ മെട്രോ നിര്‍മ്മിക്കാന്‍ ഏകദേശം 6000 കോടി ചെലവഴിച്ചെങ്കില്‍ ആലുവയില്‍ നിന്നും തൃശ്ശൂരിലേക്കുള്ള 57 കിലോമീറ്ററോളം ദൂരത്തേക്ക് മെട്രോ റെയില്‍ എത്തിക്കാന്‍ എത്ര കോടി ചെലവഴിക്കേണ്ടി വരുമെന്നാണ് സോഷ്യല്‍മീഡിയയുടെ മറ്റൊരു ചോദ്യം.
രസകരമായ ഒട്ടേറെ കമന്റുകളും പിന്നാലെ എത്തിയിട്ടുണ്ട്. സുരേഷ് ഗോപി വിജയിച്ചു കഴിഞ്ഞാല്‍, തൃശ്ശൂരിലെ പ്രവാസികള്‍ക്കായി ദുബായ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന് ശക്തന് സ്റ്റാന്‍ഡില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിക്കുമെന്നും, ശബ്ദമലിനീകരണം തടയാന്‍ തൃശ്ശൂര്‍ പൂരത്തിന് സൈലന്‍സര്‍ ഫിറ്റ് ചെയ്ത് പടക്കം പൊട്ടിക്കുമെന്നും മറ്റു ട്രോളന്മാര് പരിഹസിക്കുന്നു.
Discussion about this post