കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുത്തു. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാരോപിച്ച് എറണാകുളം സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇട്ടത്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സഭ പ്രൊക്യൂറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാനായിരുന്നു എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം.
ഈ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകളാണ് നിലവിലുള്ളത്.