തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടാല്‍ അത് സര്‍വീസിനെ ബാധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. പിരിച്ചുവിടല്‍ നടന്നാല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ 600ലധികം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇതിനായി എജിയില്‍ നിന്നും ഉടന്‍ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കെഎസ്ആര്‍ടിസി എംഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി 1565 എം പാനല്‍ ഡ്രൈവര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണമെന്നാണ് ഉത്തരവിട്ടത്. പകരം നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു. അതേ സമയം ഉത്തരവ് വന്നതിന് പിന്നാലെ ഡ്രൈവര്‍മാര്‍ കൂട്ട അവധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് വരും ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.