തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ കൂട്ട അവധിയിലേക്ക്. കോടതി ഉത്തരവ് പ്രകാരം കണ്ടക്ടര്‍മാരുടെ ജോലി നഷ്ടപ്പെട്ടത് പോലെ തങ്ങളുടെ ജോലിയും നഷ്ടപ്പെടുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം.
മാനസിക സംഘര്‍ഷത്തോടെ ബസോടിച്ചാല്‍ അപകടം സംഭവിക്കുമെന്ന ഭീതിയും ഇത് മൂലം നിരവധി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാലുമാണ് ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഇക്കാര്യം ഇവര്‍ രേഖാമൂലം കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്.
അതേസമയം എം പാനല്‍ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചാല്‍ അത് കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം 1565 എംപാനല്‍ ഡ്രൈവര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ പോകുന്നത്.
ഡ്രൈവര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിക്കുന്നതോടെ 35 ശതമാനം സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേ സമയം ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് പതിനൊന്ന് മണിക്ക് ഉന്നതതല യോഗം നടക്കുന്നുണ്ട്.