തൊടുപുഴ: അമ്മയുടെ കാമുകന്റെ ക്രൂരപീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ആ ഏഴു വയസ്സുകാരന് ഇന്നും കേരളക്കരയ്ക്ക് തീരാവേദനയാണ്. കുട്ടിയുടെ അനുജന്റേയും അമ്മയുടേയും മുന്നില്‍ വെച്ചായിരുന്നു അരുണ്‍ ഏഴുവയസ്സുകാരനെ നിലത്തടിച്ചത്. ഇവിടെ ഇതാ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് കണ്ണീരണിഞ്ഞ് ഒരമ്മ.
ഒന്നര വയസുള്ള തന്റെ കുഞ്ഞ് താഴെ വീണതിനെക്കുറിച്ചുള്ള വിഷമമാണ് ഈ അമ്മ പങ്കുവെക്കുന്നത്. തൊടുപുഴയിലെ കുഞ്ഞിനെ ഓര്‍ത്ത് നെഞ്ച് പിടയുന്നുവെന്നും ഒരു കുഞ്ഞിക്കാല് കാണാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചും ചികില്സിച്ചും കുഞ്ഞിനെ ഓമനിക്കാന്‍ കൊതിക്കുന്ന ഏതെങ്കിലും ദമ്പതികള്‍ക്ക് ഇളയ കുഞ്ഞിനെ കൈമാറണമെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
എന്റെ മോനു അന്ന് ഒന്നര വയസ്സ് ആയി കാണും. രാവിലെ ഓഫീസിലോട്ടു പോകും മുന്‍പ് പതിവുപോലെ അവനെ കുളിപ്പിച്ചൊരുക്കി ഭക്ഷണവും കൊടുത്തു ഉറക്കി ഇറങ്ങാനായിരുന്നു പ്ലാന്‍. ചിരിയും കളിയുമൊക്കെയായി കുളിപ്പിച്ചു ഒരു തോര്‍ത്തുമുണ്ടും ചുറ്റിച്ചു അവനെ എടുത്തു ഇറങ്ങിയതും കാല് വഴുതി ഞാന്‍ വീണു.. ഒന്ന് താങ്ങിപിടിക്കാനോ തടഞ്ഞു നിര്‍ത്താനോ ഒന്നുമില്ലാത്ത വീഴ്ച. കയ്യിലിരുന്ന എന്റെ പൊന്നുമോന് എന്റെ ഉയരത്തില്‍ നിന്ന് തല നിലത്തടിച്ചു മാര്‍ബിള്‍ തറയില്‍ വീണു… വലിയ ശബ്ദത്തില്‍.. തോര്‍ത്തുമുണ്ട് ചുറ്റിയതുകാരണം കുഞ്ഞിന് കാല് നിവര്‍ത്താന്‍ പോലുമായില്ല… സാധാരണ കുഞ്ഞുങ്ങള്‍ വീണാല്‍ കരയേണ്ടിടത്തു അവന് ഒരു കുഞ്ഞു ശബ്ദം പോലും ഉണ്ടാക്കാതെ മയങ്ങി വീണു… വിളിച്ചിട്ട് കണ്ണ് പോലും തുറക്കാതെ.. ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ അലമുറയിട്ടു.. എന്റെ കുഞ്ഞിനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് ഓര്‍ത്തു നടുങ്ങി വിറങ്ങലിച്ചു.. കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേര്‍ത്ത് കുലുക്കി നോക്കി.. അവന് അനങ്ങുന്നില്ല.. രാവിലെ സൈറ്റ് വിസിറ്റ് കഴിഞ്ഞു കാറുമായി പോര്‍ച്ചിലെത്തിയ എന്റെ ഭര്‍ത്താവ് നിലവിളികേട്ട് പരിഭ്രാന്തനായി ഓടി വന്നു.. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പരുങ്ങി… ഒരു ജീവനെടുത്തപോലെ ഞാന്‍ വിങ്ങിപ്പൊട്ടി.. കരയല്ലേ മോളെ അവനൊന്നും പറ്റില്ലെന്നും പറഞ്ഞു അവനെ വാരിയെടുത്ത് അവന്റെ അച്ഛന് പുറത്തേക്കോടി.. കയ്യില്‍ കിട്ടിയ ബാഗുമായി ഞാനും… ഇടയ്ക് കുഞ്ഞു എന്റെ മടിയില്‍ കിടന്നു കുഴഞ്ഞു വീണുകൊണ്ടിരുന്നു.. പ്രാണന് പിടയുന്ന വേദനയില്‍ അവന്റെ ശ്വാസോഛ്വാസം ഇടയ്ക്ക് നോക്കി.. എന്റെ പൊന്നുമോനെ അമ്മയെ വിട്ടുപോകല്ലേ എന്ന് കരഞ്ഞു കൊണ്ടേയിരുന്നു.. കാര്‍ ആംബുലന്‍സ് വേഗത്തില്‍ സ്ഥിരമായി കാണിക്കാറുള്ള ചൈല്‍ഡ് സ്പെഷലിസ്റ്റിന്റെ ക്ലിനിക്കിലെത്തി… കരുണ എന്തെന്നറിയാത്ത ആ ഡോക്ടര്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോ എന്ന് ആംഗ്യം കാണിച്ചു ഞങ്ങളെ തുരത്തി.. ഒന്ന് കുഞ്ഞിനെ തൊട്ടുനോക്കാന്‍ പോലും ശ്രമിക്കാതെ അയാള്‍ കൊണ്ടു പോകു എന്ന് ആക്രോശിച്ചു… അപ്പോഴും കുഞ്ഞു എന്റെ കയ്യില്‍ വാടിയ പൂപോലെ കുഴഞ്ഞിരുന്നു.. പിന്നെ അടുത്തുള്ള ആശുപത്രിയിലേക്ക്.. അപ്പോഴേക്കും ഭര്‍ത്താവും കരഞ്ഞു തുടങ്ങിയിരുന്നു.. ഇല്ല മോളെ നമ്മുടെ മോനു ഒന്നും സംഭവിക്കില്ല നമ്മളാരെയും ദ്രോഹിച്ചിട്ടില്ലല്ലോ.. നന്മകള് മാത്രമല്ലേ ചെയ്തിട്ടുള്ളു ദൈവം കൈ വിടില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. ഞാന്‍ കാറില്‍ വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു.. കുഞ്ഞേ കണ്ണ് തുറക്ക്.. നിനക്കെന്തെങ്കിലും സംഭവിച്ചാല്‍ അമ്മയും നിനക്കൊപ്പം വരും.. ഞാന്‍ കാരണം നീ ഇല്ലാതെ ആയാല്‍ പിന്നെ ഞാനീ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹയല്ലല്ലോ ഇത്തിരി പൊന്നേ എന്ന് അവനെ നെഞ്ചിന് ചൂടില്‍ ചേര്‍ത്ത് നിര്‍ത്തി വിതുമ്പി.. ഒടുവില്‍ ആശുപത്രിയില്‍ എത്തി. എമര്‍ജന്‍സി വിഭാഗത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ അവനെ കിടത്തി കണ്ണുകള്‍ വിടര്‍ത്തിനോക്കി, ചെവിയില്‍ മുറിപ്പാടു നോക്കി തലയില്‍ തടവി നോക്കി… എന്നിട്ട് എന്റെ കയ്യില്‍ പിടിച്ച് കുലുക്കി പറഞ്ഞു പ്രഥമ ദൃഷ്ട്യാ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല.. സാധാരണ ഗതിയില്‍ തലയ്ക്കു പ്രഹരമേല്ക്കുമ്പോള് അതിന്റെ ഷോക്കില്‍ ബ്രെയിന്‍ ഉറങ്ങും.. അതാണ് സംഭവിച്ചത്.. കുഞ്ഞു വേദനയറിഞ്ഞു പ്രതികരിക്കും മുന്‍പ് അവന്റെ ബ്രെയിന്‍ ഒന്ന് മയങ്ങി.. നമുക്ക് കുറച്ചു നേരം ഒബ്സര്‍വ് ചെയ്യാം.. ഇങ്ങനെ തളരല്ലേ.. കരഞ്ഞു കണ്ണുകലങ്ങി നിന്ന ഭര്‍ത്താവിനെ നോക്കി നിങ്ങളല്ലേ വൈഫിനു ധൈര്യം നല്‍കേണ്ടത് ഇങ്ങനെ ഫ്രജൈല്‍ ആയാലെങ്ങനെയാ എന്ന് കടുപ്പിച്ചു പറഞ്ഞു… ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ മോന്, എന്റെ ജീവന്, എന്റെ എല്ലാമെല്ലാമായ കുഞ്ഞു കണ്ണ് തുറന്നു… ചിരിച്ചു…
ഞാന്‍ പുനര്‍ജനിച്ചു
മരണം മുന്നില്‍ കാണുന്ന നിമിഷങ്ങളിലൂടെ നമ്മളെല്ലാം കടന്നുപോയിക്കാണും ജീവിതത്തില്‍ പക്ഷെ ഒരു ജീവന് ഇല്ലാതാക്കിയ പോലെ നിങ്ങള്കെന്നെങ്കിലും തോന്നിയിട്ടുണ്ടോ.. ഞാന്‍ അത് അനുഭവിച്ചവളാണ്…ഇന്ന് ഇതെഴുതുമ്പോളും ഞാന്‍ കണ്ണീരില്‍ കുതിരുകയാണ്..പൈശാചികമായി നിലത്തെറിഞ്ഞു മസ്തിഷ്കം നെടുനീളെ തകര്‍ന്നു പൊലിഞ്ഞ ആ കുഞ്ഞു ജീവനെയോര്‍ത്ത് തകര്‍ന്നുപോകുകയാണ്.
ഒരു കുഞ്ഞു പ്രാണനെ ലൈംഗികമായി ചൂഷണം ചെയ്തും എറിഞ്ഞു കൊന്നും വെറിതീര്ത്ത മഹാപാപികള്‍ ഒരു തരത്തിലും കാരുണ്യം അര്‍ഹിക്കുന്നില്ല… അവര്‍ ജീവിച്ചിരിക്കാന്‍ യോഗ്യരുമല്ല. ഒരു കുഞ്ഞിക്കാല് കാണാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചും ചികില്സിച്ചും കുഞ്ഞിനെ ഓമനിക്കാന്‍ കൊതിക്കുന്ന ഏതെങ്കിലും ദമ്പതികള്‍ക്ക് ഇളയ കുഞ്ഞിനെ കൈമാറണം… അവനെങ്കിലും സ്നേഹം അനുഭവിക്കട്ടെ…
Discussion about this post