തൃശ്ശൂര്‍: കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ വിടപറയലാണ് കെഎം മാണിയുടെ നിര്യാണത്തോടെ സംഭവിക്കുന്നതെന്ന് സിപിഎം നേതാവ് എംഎ ബേബി. ഇഎംഎസ് തുടങ്ങിയ മഹാരഥന്മാരോടെതിരിട്ട് പ്രവര്‍ത്തിച്ച പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവാണ് കെഎം മാണി. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കെഎം മാണി തന്റേതായ ഒരു വ്യവസ്ഥ സൃഷ്ടിച്ചു. മാണി സാറിനെ ഇന്ന് രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സങ്കല്പനങ്ങള്‍ക്കുള്ളില്‍ നിര്‍വചിക്കുന്നത് എളുപ്പമല്ല. നിര്‍വചനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്ത നേതാവാണ് കെഎം മാണിയെന്നും എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
1980കളില്‍ മാണി സാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലായിരുന്ന കാലത്ത് തുടങ്ങിയ ഒരു ബന്ധം ആണ് ഇന്ന് ആകസ്മികമായി അവസാനിക്കുന്നതെന്നും ഞങ്ങളുടെ ഓര്‍മകളില്‍ എന്നും മാണിസാറുമായുള്ള ഊഷ്മള ബന്ധം ഉണ്ടാവുമെന്നും, ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും എംഎ ബേബി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ വിടപറയലാണ് കെഎം മാണിയുടെ നിര്യാണത്തോടെ സംഭവിക്കുന്നത്. 1965 ല്‍ എംഎല്‍എ ആയ മാണി സാര്‍ അമ്പതുകള്‍ മുതല്‍ സജീവ രാഷ്ട്രീയ നേതാവായിരുന്നു.
ഇഎംഎസ് തുടങ്ങിയ മഹാരഥന്മാരോടെതിരിട്ട് പ്രവര്‍ത്തിച്ച പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവാണ് കെ എം മാണി. ആ തലമുറയില്‍ ഇനി വിരലിലെണ്ണാവുന്നവരേ ജീവിച്ചിരിപ്പുള്ളു.കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കെഎം മാണി തന്റേതായ ഒരു വ്യവസ്ഥ സൃഷ്ടിച്ചു. മാണി സാറിനെ ഇന്ന് രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സങ്കല്പനങ്ങള്‍ക്കുള്ളില്‍ നിര്‍വചിക്കുന്നത് എളുപ്പമല്ല. അദ്ദേഹം ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവല്ലേ എന്നു പറഞ്ഞാല്‍ കെഎം മാണി എന്ന കര്‍ഷക നേതാവ് മുന്നോട്ടു കയറി വരും. ഒരു ക്രിസ്ത്യന്‍ നേതാവ് എന്നു പറഞ്ഞാല്‍ മതേതരത്വത്തോട് വലിയ കൂറുള്ള ഒരു കെഎം മാണിയെ ആണ് നാം അവിടെ കാണുക. നിര്‍വചനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്തതിനാലായിരിക്കും അദ്ദേഹം തനിക്കായി നിര്‍വചനങ്ങളുണ്ടാക്കി. അധ്വാന വര്‍ഗ സിദ്ധാന്തം എന്ന വാദം ആ സാഹചര്യത്തിലാണ് അവതരിപ്പിക്കപ്പടുന്നത്.
മാര്‍ക്‌സിസത്തിന്റെയും മറ്റു രാഷ്ട്രീയ ചിന്തകളുടെയും വെളിച്ചത്തില്‍ നമുക്ക് മാണി സാറിന്റെ ചിന്തകളെ തള്ളിക്കളയാം. പക്ഷേ, കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന കൃഷിക്കാരുടെ അവകാശങ്ങള്‍ എന്ന കണ്ണടവച്ചു നോക്കിയാല്‍ മാണി സാറിന്റെ വാദങ്ങളില്‍ പഠിക്കാനേറെയുണ്ട്. മാണി സാര്‍ ഒരു അക്കാദമിക പണ്ഡിതനായിരുന്നില്ല. പക്ഷേ, ഒരു മലയാളി ന്യൂനപക്ഷ കര്‍ഷകന്റെ സിദ്ധാന്തം അദ്ദേഹം ഉണ്ടാക്കി. ഭാവി കേരളം അതിനെ ഗൌരവത്തോടെ കാണും.
മാണി സാറിന് എന്റെ ആദരാഞ്ജലി. 1980കളില്‍ മാണി സാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലായിരുന്ന കാലത്ത് തുടങ്ങിയ ഒരു ബന്ധം ആണ് ഇന്ന് ആകസ്മികമായി അവസാനിക്കുന്നത്. ഞങ്ങളുടെ ഓര്‍മകളില്‍ എന്നും മാണിസാറുമായുള്ള ഊഷ്മള ബന്ധം ഉണ്ടാവും.