പാലായുടെ സ്വന്തം മാണിസാര്‍! അഥവാ കെഎം മാണിയുടെ ‘പാലാ’ എന്ന രണ്ടാം ഭാര്യ

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായന്‍ വിടവാങ്ങുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നത് കെഎം മാണിയെ ശ്വാസം പോലെ കൊണ്ട് നടന്ന പാലായാണ്. പാലാക്കാര്‍ക്ക് കെഎം മാണി അവരുടെ സ്വന്തം മാണി സാര്‍ ആയിരുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പാലായുടെ ശ്വാസമാണ് നഷ്ടപ്പെട്ടത്.

പാലായും മാണി സാറും തമ്മില്‍ പതിറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. പാലാ മണ്ഡലം ഉണ്ടായ കാലം മുതല്‍ കെഎം മാണിയാണ് പാലായുടെ പ്രതിനിധി.പാലാക്കാര്‍ ഒരിക്കല്‍ പോലും മറിച്ച് ചിന്തിച്ചിട്ടില്ല. മാണി സാര്‍ അല്ലാതെ മറ്റൊരാള്‍ പാലാക്കാരുടെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായില്ല എന്ന് തന്നെ പറയാവുന്ന അത്ര വലിയ ആത്മ ബന്ധമായിരുന്നു പാലായ്ക്ക് കെഎം മാണിയോട് ഉണ്ടായിരുന്നത്.

മാണി സാറിനും മറിച്ചായിരുന്നില്ല പാലാ. കുട്ടിയമ്മ ഒന്നാം ഭാര്യയും പാലാ രണ്ടാം ഭാര്യയുമാണെന്നാണ് സ്വതസിദ്ധമായ ചിരിയോടെ കെഎം മാണി പാലായെ കുറിച്ച് പറഞ്ഞിട്ടുള്ളത്. വിവാദങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും പാലാക്കാര്‍ കെഎം മാണിക്ക് പിന്നില്‍ ഉറച്ചു നിന്നു.

ഏറ്റവും ഒടുവിലായി ബാര്‍ കോഴ വിവാദം വന്നിട്ടും പാലാ മറിച്ച് ചിന്തിച്ചില്ല. മന്ത്രിസ്ഥാനം രാജി വച്ച് പാലായിലെത്തിയ കെഎം മാണിക്ക് കിട്ടിയത് ഉജ്ജ്വല സ്വീകരണമായിരുന്നു. ശേഷം വന്ന തെരഞ്ഞെടുപ്പിലും കെഎം മാണി എതിരാളികളെ എല്ലാം അപ്രസക്തരാക്കി പാലായില്‍ നിന്ന് ജയിച്ച് കയറി.

1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയാണ് മാണി വിജയിച്ചത്. ഒരിക്കല്‍ പോലും പരാജയം അറിയിക്കാതെ പാലാക്കാര്‍ മാണി സാറിനെ വിജയിപ്പിച്ചു. 75-ല്‍ ആദ്യമായി പാലായ്ക്ക് ഒരു മന്ത്രിയേയും കിട്ടി. ഒരോ തവണ മത്സരിക്കുമ്പോഴും കുറ്റം പറയാത്ത ഭൂരിപക്ഷത്തില്‍ കെഎം മാണിയെ പാലാക്കാര്‍ വിജയിപ്പിച്ചു കൊണ്ടിരുന്നു. ആരെയും കൊതിപ്പിക്കുന്ന ആത്മബന്ധമായിരുന്നു പാലാക്കാര്‍ക്ക് കെഎം മാണിയോട് ഉണ്ടായിരുന്നത്.

രാഷ്ട്രീയ കേരളത്തിലെ അതികായന്‍ വിടവാങ്ങുമ്പോള്‍ പാലായ്ക്ക് നഷ്ടമാകുന്നത് അവരുടെ ശ്വാസത്തെയാണ്. അവരുടെ സ്വന്തം മാണി സാറിനെയാണ്.

Exit mobile version