മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി. പ്രവേശനകവാടത്തില്‍ സ്ഥാപിച്ച ബോര്‍ഡ് സ്റ്റിക്കര്‍ പതിച്ച് മറച്ചു. വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ഈടാക്കുമെന്ന് അറിയിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ പ്രശ്നത്തെത്തുടര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിമാനത്താവള അധികൃതര്‍ പറഞ്ഞിരുന്നത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഓട്ടോ ഡ്രൈവര്‍മാര്‍ അനധികൃതമായി കയറ്റിക്കൊണ്ടുപോകുന്നതായി ടാക്സി ഡ്രൈവര്‍മാര്‍ പരാതി നല്‍കിയിരുന്നു. യാത്രക്കാരുമായി വിമാനത്താവളത്തിലെത്തുന്ന ഓട്ടോറിക്ഷകളുടെ പ്രവേശനം വിലക്കില്ലെന്നും പിഴ ഈടാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ബോര്‍ഡിനെതിരേ ബുധനാഴ്ച്ച തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പുറമെ സോഷ്യല്‍ മീഡിയകളിലും വിഷയം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഇതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന് എയര്‍പ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.
Discussion about this post