മുഴുപട്ടിണി, ഗതികെട്ട് ദുബായിയിലെത്തി, ഡ്രൈവറായി; ഇന്ന് മധുരരാജയുടെ നിര്‍മ്മാതാവ്, നെല്‍സണിന്റെ വിജയം ഇങ്ങനെ

ടാക്‌സി ഡ്രൈവറായി ജോലി നോക്കിയ നെല്‍സണിന് 500 ദിര്‍ഹം പോലും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നില്ല.

കൊച്ചി: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയെ നെഞ്ചിലേറ്റിയവര്‍ മധുരരാജയെയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ മധുരരാജയിലെ നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പിന്റെ ജീവിതത്തിലെ വിജയമാണ് ഏവരും ഉറ്റു നോക്കുന്നത്. മറ്റൊന്നുമല്ല മുഴുപട്ടിണിയിലായിരുന്നു ജീവിതം. ശേഷം ജീവിതം എവിടെയെങ്കിലും എത്തിക്കണം എന്ന ചിന്തയില്‍ പ്രവാസ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു. ദുബായിയില്‍ എത്തിയ നെല്‍സണിന്റെ ആരംഭം ഡ്രൈവറായിട്ടായിരുന്നു.

ടാക്‌സി ഡ്രൈവറായി ജോലി നോക്കിയ നെല്‍സണിന് 500 ദിര്‍ഹം പോലും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി വാഹനം വാങ്ങണമെന്നത് നെല്‍സന്റെ വലിയ ആഗ്രഹമായിരുന്നു. രാപ്പകല്‍ അധ്വാനിച്ച് നെല്‍സണ്‍ ആ സ്വപ്നത്തെ ഒടുവില്‍ കൈപിടിയില്‍ ഒതുക്കി. പിന്നെ സ്വന്തമായി ഒരു ലോറി വാങ്ങി. കുറെ നാള്‍ ലോറി ഓടിച്ചു. പിന്നെ മൂന്ന് ലോറികള്‍ കൂടി വാങ്ങി. അങ്ങനെയൊരു ചെറിയ മുതലാളിയായി. പക്ഷേ ആ സന്തോഷത്തെ കെടുത്തി ഒരു അപകടം സംഭവിച്ചു. ആ അപകടവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും നെല്‍സനെ വീണ്ടും തൊഴിലാളിയാക്കി മാറ്റി. സാമ്പത്തിക പ്രതിസന്ധിയും മറ്റുമായി നെല്‍സണ്‍ ജീവിതം പിന്നെയും തള്ളി നീക്കി.

ഏറെ കഷ്ടപ്പെട്ട നെല്‍സണിന്റെ ജീവിതത്തില്‍ ഒടുക്കം എല്ലാം വന്നു ചേര്‍ന്നു. ഇന്ന് 30ല്‍ അധികം ലോറികള്‍ നെല്‍സണിന് സ്വന്തമായി ഉണ്ട്. ഇപ്പോള്‍ മധുരരാജയ്ക്ക് വേണ്ടി പണമിറക്കി. മുപ്പതുകോടിയിലേറെ രൂപയാണ് മധുരരാജയ്ക്ക് വേണ്ടി നെല്‍സണ്‍ ചെലവാക്കിയത്. അണിയറപ്രവര്‍ത്തകരുമായുള്ള ബന്ധമാണ് നെല്‍സണെ സിനിമയിലെത്തിച്ചത്. ചിത്രം നൂറുകോടി ക്ലബ്ബിലെത്തുമെന്ന ഉറച്ച വിശ്വാസവും നെല്‍സണിന് ഉണ്ട്. ഏപ്രില്‍ 12നാണ് ചിത്രത്തിന്റെ റിലീസ്.

Exit mobile version