തൊടുപുഴ: ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചിലപ്പോള്‍ ഉപേക്ഷിച്ച് മുങ്ങിയേനെ എന്നുപോലും സംശയിച്ചെന്ന് ചികിത്സിച്ച ഡോക്ടര്‍. ഇരുവരും സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാതെയാണ് പെരുമാറിയതെന്നും ഫോണില്‍ മുഴുകിയ യുവതിയും മദ്യപിച്ച് ബോധമില്ലാതിരുന്ന അരുണ്‍ ആനന്ദും അമ്പരപ്പിച്ചെന്നും കുട്ടിയെ ആദ്യമെത്തിച്ച ചാഴിക്കാട് ആശുപത്രിയിലെ എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ് ഡോ. ഷെയ്ഖ് അന്‍സാരി പറയുന്നു. മാര്‍ച്ച് 28ന് പുലര്‍ച്ചെ 3.55നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 4.05ന് ഡോക്ടര്‍ ആശുപത്രിയിലെത്തി കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സിടി സ്‌കാനെടുത്തപ്പോള്‍ കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവവും കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തീരുമാനിച്ചതോടെ ന്യൂറോ സര്‍ജനെയും വിളിച്ചു വരുത്തി. എന്നാല്‍ സര്‍ജറിക്ക് സമ്മതപത്രം ഒപ്പിട്ട് നല്‍കാതെ അരുണ്‍ ആനന്ദും യുവതിയും ഒഴിഞ്ഞുമാറുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ‘ഒരു ശബ്ദം കേട്ടു, സോഫയില്‍ നിന്നും വീണതായി സംശയിക്കുന്നു’ എന്നും പറഞ്ഞ് അവര്‍ ഫോണ്‍ വിളികളില്‍ മുഴുകി. അരുണ്‍ ആനന്ദിനോട് ചോദിച്ചപ്പോള്‍ അയല്‍വീട്ടിലെ കുട്ടികള്‍ തള്ളിയിട്ടതാണെന്ന് ആയിരുന്നു മറുപടി. മൊഴികളിലെ പൊരുത്തക്കേടുകള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. കുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് ഇരുവരുടെയും പെരുമാറ്റത്തില്‍ നിന്നു വ്യക്തമായതോടെ സംഭവം മെഡിക്കോ ലീഗല്‍ കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തൊടുപുഴ പോലീസിനെ വിവരം അറിയിച്ചു. യഥാസമയം പോലീസ് സ്ഥലത്ത് എത്തിയില്ലായിരുന്നുവെങ്കില്‍ കുട്ടിയുടെ അമ്മയും അരുണും കുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലം വിടുമായിരുന്നു എന്നുപോലും തോന്നിയെന്ന് ഡോക്ടര്‍ ഷെയ്ഖ് അന്‍സാരി പറയുന്നു.
ഇതേ അനുഭവമാണ് ആംബുലന്‍സ് നഴ്‌സും പങ്കുവെച്ചത്. ‘ഏഴുവയസുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ അനിവാര്യമായിട്ടും അരുണ്‍ വെറുതെ ആശയക്കുഴപ്പമുണ്ടാക്കുന്നതുപോലെ തോന്നി. അനാവശ്യമായി തര്‍ക്കിച്ച് സമയവും നഷ്ടപ്പെടുത്തി. അമൃത ആശുപത്രിയിലേക്കു കൊണ്ടുപോയാല്‍ മതിയെന്നാണു അരുണ്‍ നിരന്തരം ആവശ്യപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിക്കാന്‍ വേണ്ടി ആയിരുന്നോ ഇതെന്ന് ഇപ്പോള്‍ സംശയം തോന്നുന്നു. ആംബുലന്‍സില്‍ കയറാനും ഇയാള്‍ തയാറായില്ല. കാറില്‍ പിന്നാലെയെത്താമെന്നും ശാഠ്യം പിടിച്ചു. പോലീസുമായി വഴക്കിട്ടു. ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ച് കയറ്റുകയായിരുന്നു’- കുട്ടിയെ തൊടുപുഴയില്‍ നിന്ന് കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോയ ഐസിയു ആംബുലന്‍സിലെ നഴ്‌സ് ആല്‍ബിന്‍ തോമസ് വെളിപ്പെടുത്തുന്നു. ആംബുലന്‍സിനകത്ത് വെച്ചും അരുണ്‍ ആനന്ദജ് ബഹളം വെയ്ക്കുകയും വാഹനം ഇടയ്ക്ക് നിര്‍ത്തിക്കുകയും ചെയ്തിരുന്നു. മരണവുമായി മല്ലിടുകയായിരുന്ന കുട്ടിയെ ഇവര്‍ ശ്രദ്ധിച്ചതേയില്ല. അരുണ്‍ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു യുവതിയെന്നു തോന്നിയെന്നും ആല്‍ബിന്‍ പറയുന്നു.
ഒടുവില്‍ ഏറെ വൈകി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടി ചികിത്സയ്ക്കിടെ പത്താംനാളാണ് മരണപ്പെട്ടത്. തലച്ചോറിനേറ്റ ഗുരുതര പരിക്കായിരുന്നു മരണകാരണം.