മലപ്പുറം: മലപ്പുറം കാളികാവില്‍ പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും അവശയാക്കിയ കുഞ്ഞിനെ ഏറ്റെടുക്കാനാവില്ലെന്ന് കുടുംബം. മുത്തശ്ശിയുടെ ക്രൂരമായ ആക്രമണം കാരണം എല്ലും തോലുമായ മൂന്നരവയസുകാരിയെയാണ് കുടുംബം കൈയ്യൊഴിഞ്ഞിരിക്കുന്നത്. കുട്ടിയെ ബന്ധുക്കള്‍ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും ദാരുണമായി ആക്രമിക്കുന്നെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. പൂളക്കുന്ന് നാല് സെന്റ് കോളനിയിലെ യുവതിയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടാണ് ബന്ധുക്കളുടെ ക്രൂരത.കുട്ടിയുടെ മുത്തശ്ശന്, മുത്തശ്ശി, അമ്മ മൂന്ന് സഹോദരങ്ങള്‍ എന്നിവരാണ് വീട്ടിലുള്ളത്.
ബന്ധുക്കളുടെ നിരന്തര മര്‍ദ്ദനമേല്‍ക്കുന്ന കുട്ടിയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷിക്കണമെന്ന ആവശ്യവുമായി ചൈല്‍ഡ് ലൈനിനെ സമീപിച്ചത്. കുട്ടിയുടെ കഴുത്തിലും ശരീരമാസകലവും ക്രൂരമായ പീഡനങ്ങളേറ്റതിന്റെ പാടുകളുണ്ട്. പോഷകാഹാരക്കുറവ് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. വാരിയെല്ലുകള്‍ വളഞ്ഞ് എല്ലുന്തിയ നിലയിലുള്ള കുട്ടിയുടെ ജീവന് പോലും അപകടത്തിലായതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തിയത്.
ദിവസങ്ങളായി പട്ടിണിക്കിട്ട കുഞ്ഞിനെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഇവരേയും നാല് കുഞ്ഞുങ്ങളേയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാല്‍ പിന്നീട് ചൈല്ഡ്ലൈന് അധികൃതര്‍ ഇടപെട്ടിട്ടും മര്‍ദ്ദനമേറ്റ മൂത്തകുഞ്ഞിനെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ചൈല്ഡ്ലൈന് വേണമെങ്കില്‍ കുഞ്ഞിനെ കൊണ്ടുപോകാമെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനാകില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിരിക്കുകയാണ്.
Discussion about this post