ചാലക്കുടി: മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൃത്യസമയത്തെ ഇടപെടലില്‍ സ്വര്‍ണ്ണരാജിന് ലഭിച്ചത് തക്കസമയത്തെ ചികിത്സയും മികച്ച പരിചരണവും. ദേശീയപാതയില്‍ പേരാമ്പ്രയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചതു മന്ത്രിയാണ്. പരുക്കേറ്റയാള്‍ അപകടനില തരണം ചെയ്തെന്ന് ഉറപ്പായശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്.
ഹോട്ടല്‍ സൂപ്പര്‍വൈസറായ സ്വര്ണരാജിന് (42) ഇന്നലെ രാത്രി 7.45നാണ് ബൈക്കില്‍ താമസസ്ഥലത്തേക്കു പോകുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റത്. ഇയാളുടെ കാലുകള്‍ ഒടിഞ്ഞുതൂങ്ങി. രക്തം വാര്‍ന്ന് 10 മിനിറ്റോളം റോഡില്‍ കിടന്നു. ആസൂത്രണ ബോര്‍ഡ് യോഗം കഴിഞ്ഞു തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കു പോകുമ്പോഴാണു മന്ത്രി അപകടം കണ്ടത്.
കാര്‍ നിര്‍ത്തി ഇറങ്ങി, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വര്ണരാജിനെ അകമ്പടി വാഹനത്തില്‍ കയറ്റിയാണ് ആശുപത്രിയിലേക്കു നീക്കിയത്. കൊടകര എസ്ഐ കെകെ ബാബു, ഹോം ഗാര്‍ഡ് രവി, പൈലറ്റ് പോയിരുന്ന അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആശുപത്രിയിലെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുകയും സ്വര്ണ്ണരാജിനെ ആശ്വസിപ്പിച്ചുമാണ് മന്ത്രി ആശുപത്രിയില്‍ നിന്നും മടങ്ങിയത്.
ഇത് ആറാമത്തെ തവണയാണ് റോഡ് അപകടങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
Discussion about this post