വയനാട്: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. അതിനു തെളിവാകുകയാണ് നാഗേഷിന്റെയും ശോഭയുടെയും വിവാഹം. കല്യാണ സദ്യ നടത്താന്‍ വെള്ളമില്ലാതെ വലയുകയായിരുന്നു വധുവിന്റെ വീട്ടുകാര്‍. ഇവരുടെ ദുരിതം കണ്ട് ഒടുവില്‍ വരന്റെ വീട്ടില്‍ വിവാഹം നടത്താമെന്ന് പറയുകയായിരുന്നു. വേടെഗൗഡ സമുദായത്തിലെ പതിവു തെറ്റിച്ചാണ് വരന്റെ വീട്ടില്‍ വിവാഹം നടത്തിയത്.
പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളാണ് ശോഭ. ഈസ്റ്റ് മരക്കടവ് കുള്ളക്കരിയില്‍ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനാണ് നാഗേഷ്. വരനും സംഘവും വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി വരന്റെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പനവല്ലി മിച്ചഭൂമിയില്‍ വാഹനത്തിലാണ് പ്രദേശവാസികള്‍ കുടിവെള്ളമെത്തിക്കുന്നത്. കല്യാണം ഉറപ്പിച്ചതിനു ശേഷം വരള്‍ച്ച രൂക്ഷമാവുകയും പനവല്ലി കോളനിയിലും പരിസരങ്ങളിലും ജലക്ഷാമം ഏറുകയും ചെയ്തു. 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
പാല്‍വെളിച്ചം പദ്ധതിയില്‍ പല ദിവസവും വെള്ളമുണ്ടാവാറില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ പറയുന്നു. വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോള്‍ കല്യാണം നീട്ടിവയ്ക്കാമെന്ന് വരെ തീരുമാനത്തിലെത്തി. ഈ സാഹചര്യത്തിലാണ് പെണ്‍വീട്ടുകാരുടെ ദുരിതമറിഞ്ഞ് വരനും വീട്ടുകാരും വിവാഹം മരക്കടവില്‍ നടത്താമെന്ന് തീരുമാനിച്ചത്. പനവല്ലിയില്‍ നിന്നു രാവിലെ വാഹനങ്ങളിലെത്തിയ വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്പടിയോടെയാണ് സ്വാഗതം ചെയ്തത്.
Discussion about this post