പ്രചാരണത്തിനിടെ വോട്ട് ചോദിക്കാനെത്തി, ചോദിച്ചത് ചോറ്; അമ്പരന്ന് വീട്ടുകാര്‍

സ്ഥാനാര്‍ഥി വാഹനത്തില്‍നിന്നിറങ്ങി വീട്ടിലേക്കു കയറിവന്ന് വോട്ട് ചോദിക്കുന്നതിന് പകരം ചോദിച്ചത് -ഇത്തിരി ചോറുതരുമോ...? എന്നാണ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ പ്രാചാരണത്തിനിടെ വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചോദിച്ചത് ചോറ്. പ്രചാരണവാഹനം വീടിനുമുന്നില്‍ നിന്നപ്പോഴും അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍, സ്ഥാനാര്‍ഥി വാഹനത്തില്‍നിന്നിറങ്ങി വീട്ടിലേക്കു കയറിവന്ന് വോട്ട് ചോദിക്കുന്നതിന് പകരം ചോദിച്ചത് -ഇത്തിരി ചോറുതരുമോ…? എന്നാണ്.

സ്ഥാനാര്‍ത്ഥിയുടെ ചോദ്യത്തില്‍ അമ്പരന്നിരിക്കുകയാണ് വീട്ടുകാരും. സ്ഥാനാര്‍ത്ഥി നമ്മുടെ സുരേഷ്‌ഗോപി ആകുമ്പോള്‍ പിന്നെ പറയുകയും വേണ്ട, അമ്പരപ്പിന് ഇത്തിരി കനം കൂടും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേക്കാലോടെ പീടികപ്പറമ്പ് അയ്യപ്പന്‍കാവിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി അപ്രതീക്ഷിതമായി തയ്യില്‍ വീട്ടിലേക്ക് ഊണുചോദിച്ചെത്തിയത്.

വീട്ടുകാര്‍ ആദ്യം കുറച്ച് അമ്പരന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും ഉള്ളതുമതിയെന്ന് സ്ഥാനാര്‍ത്ഥിയുടെ മറുപടി. മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേര്‍ത്ത് ഊണ് സ്ഥാനാര്‍ത്ഥി ആസ്വദിച്ച് കഴിച്ചു.

ഊണുകഴിഞ്ഞെങ്കിലും തീയലിന്റെ രുചി നാവില്‍നിന്നു പോകുന്നില്ലെന്ന് സുരേഷ്‌ഗോപി വീട്ടുക്കാരോട്‌
പറഞ്ഞു. വീട്ടുകാര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടി എടുത്തശേഷം ഇറങ്ങാനൊരുമ്പോള്‍ സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ ഇങ്ങനെ: ‘മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്’.

Exit mobile version