തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരനെ ഒരു നോക്ക് കാണുവാന്‍ ജനപ്രവാഹമായിരുന്നു. അമ്മയുടെ വീട്ടിലായിരുന്നു കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍. കുട്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവര്‍ നിറകണ്ണുകള്ക്കൊപ്പം മൊബൈല്‍ കണ്ണുകളെയും കൂടെ കൂട്ടിയിരുന്നു. ചേതനയറ്റ് കിടക്കുന്ന ആ കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഒട്ടുമിക്കവരും.
പക്ഷേ അതിനിടയില്‍ ഒരു മനുഷ്യന്റെ മാപ്പപേക്ഷയാണ് വൈറലാകുന്നത്. കുഞ്ഞു ശരീരം കാണാന്‍ എത്തിയത് തന്നെ കൈക്കൂപ്പിക്കൊണ്ടായിരുന്നു. ഇദ്ദേഹം ആരെന്ന് അറിയില്ല. ‘ഇയാളാരെന്ന് അറിയില്ല..എങ്കിലും ചേട്ടാ..നിങ്ങള്‍ കേരളത്തിന്റെ മനസാണ്.. നിങ്ങളുടെ ഈ കൂപ്പുകൈ..’ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആരോ പങ്കുവച്ച ഈ ചിത്രത്തിന് താഴെ ലഭിക്കുന്ന കമന്റുകളിലൊന്നാണിത്. മൊബൈല്‍ ചിത്രം പകര്‍ത്തുന്നതിനിടെയാണ് കൈക്കൂപ്പി ആ മനുഷ്യന് കുഞ്ഞിനെ നോക്കി കണ്ടത്.
ചേതനയറ്റ ശരീരത്തിന്റെ ചിത്രങ്ങള്‍ പകര്ത്തുന്നതിനെതിരെ വിമര്‍ശനങ്ങളും രോഷവും പുകയുകയാണ് സമൂഹമാധ്യമങ്ങളില്‍. മര്‍ദ്ദനമേറ്റ് ഒന്‍പത് ദിവസത്തോളം മരണത്തോട് മല്ലടിച്ച് പത്താം ദിനത്തിലാണ് ആ കുട്ടി വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് പോയത്. കുട്ടിയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. എന്നാല്‍ മരണശേഷവും ആ കുട്ടിയോടുള്ള ക്രൂരതയും നടക്കുന്നുണ്ട്. ചേതനയറ്റ ശരീരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് ക്രൂരത നടക്കുന്നത്. ഇതിനെതിരെയും രോഷം ശക്തമാകുന്നുണ്ട്.
Discussion about this post