തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയും ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തില്‍ കെബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകനുമായ വിവിന് വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു വിവിന്.
പരിപാടികള്‍ അവസാനിച്ച ശേഷം ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ വിവിന് കുഴഞ്ഞു വീഴുകയായിരുന്നുയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ടീച്ചര്‍ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ വിവിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാന്‍ കഴിയൂവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. വിവിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിന് അവധി ആണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post