ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കെഎം മാണിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മാണിയെ ചികിത്സിക്കുന്ന ഡോക്ടറേയും മാണിയുടെ കുടുംബത്തെയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കൊച്ചി: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മാണിയെ ചികിത്സിക്കുന്ന ഡോക്ടറേയും മാണിയുടെ കുടുംബത്തെയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അതേസമയം, അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെഎം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളുമാണ് ആശുപത്രിയിലുള്ളത്.

അതേസമയം, മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെഎം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.

ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കെഎം മാണിയെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ വ്യക്തമാക്കി.

Exit mobile version