‘സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, എവിടെയായാലും വന്നെടുത്തോളാം’ ; കരളലയിപ്പിക്കുന്ന കുറിപ്പുമായി അഞ്ജലി അമീര്‍

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ആ ക്രൂരന്‍ ആ കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

കഴിഞ്ഞ ദിവസം കേരളമാകെ വളരെ സങ്കടത്തോടെ കേട്ട ഒരു വാര്‍ത്തയായിരുന്നു തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ മരണ വാര്‍ത്ത. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ആ ക്രൂരന്‍ ആ കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

മനഃസാക്ഷിയുള്ള ആര്‍ക്കും പെട്ടെന്ന് മറക്കാനാകില്ല ആ ക്രൂരന്റെ ക്രൂരകൃത്യങ്ങള്‍. ഉറക്കമില്ലാതാകുന്നത് അമ്മ മനസ്സുകള്‍ക്കു മാത്രമല്ല, ആ വാര്‍ത്ത അകം പൊള്ളിച്ച ഓരോരുത്തര്‍ക്കുമാണ്.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി അരുണ്‍ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും കഠിനശിക്ഷ തന്നെ കൊടുക്കണമെന്ന് ഒരു വശത്ത് ചിലര്‍ രോഷം കൊള്ളുന്നു. ചിലര്‍ ചോദിക്കുന്നത് എന്തിനു ആ കുഞ്ഞിനെ കൊന്നു, കൊല്ലാതെ ഞങ്ങള്‍ക്കു തന്നു കൂടായിരുന്നോ എന്നും വേദനയോടെ ചോദിക്കുന്നവരുമുണ്ട്.

ഇപ്പോള്‍ കേരളം മുഴുവന്‍ നടുങ്ങിയ ക്രൂര കൊലപാതകത്തെക്കുറിച്ചും ഇരയായ കുഞ്ഞിനെക്കുറിച്ചും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സിനിമാതാരംഅഞ്ജലി അമീര്‍. ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട, ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം. ഇതായിരുന്നു അഞ്ജലിയുടെ വാക്കുകള്‍.

Exit mobile version