തൃശ്ശൂര്‍: തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ആര്‍എസ്എസ് സൈദ്ധാന്തികനായ ടിജി മോഹന്‍ദാസ് രംഗത്ത്. തൃശ്ശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റം ലംഘിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിയുമായി ഒരു കൂട്ടം പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ദാസും വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയത്.
ടിജി മോഹന്‍ദാസ് ട്വിറ്ററിലൂടെയാണ് അനുപമയ്ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ‘തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റണം’ എന്നാണ് ടിജി മോഹന്‍ ദാസ് ട്വിറ്ററില്‍ കുറിച്ചത്. അതേ സമയം മോഹന്‍ ദാസിന്റെ ഈ ട്വീറ്റിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനാണ് വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് കളക്ടര്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്. കളക്ടറുടെ ഫേസ്ബുക്കില്‍ ഒരു വിഭാഗം ശരണം വിളിയോടെയാണ് പ്രതിഷേധം നടത്തിയതെങ്കില്‍ മറ്റൊരു വിഭാഗം അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്ന രീതിയിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് നടത്തുന്നത്.
തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. അനുപമ കൃസ്ത്യാനിയാണെങ്കിൽ ഉടനെ മാറ്റേണ്ടതാണ്
— mohan das (@mohandastg) April 7, 2019
Discussion about this post