കോഴിക്കോട്: ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് കോഴ വിവാദത്തില്‍ ആരോപണവിധേയനായ എംകെ രാഘവന് പുറത്ത് വന്നത്. അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി കൊടുത്ത് ഇറങ്ങി വന്നത് തന്നെ കണ്ണുകള്‍ നിറഞ്ഞൊഴുകിയാണ്. സഹപ്രവര്‍ത്തകര്‍ നല്കിയ തൂവാല കൊണ്ട് കണ്ണീര് തുടച്ചാണ് മാധ്യമങ്ങളെ കണ്ടത്.
വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്നും ഇനി അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കട്ടെ എന്നും എംകെ രാഘവന് പറയുന്നു. ബാക്കി കാര്യങ്ങള്‍ ജനകീയ കോടതിയും നീതിന്യായ കോടതിയും തീരമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയാണ് ചാനല്‍ സംഘം എത്തിയതെന്നാണ് എംകെ രാഘവന് അന്വേഷണ സംഘത്തിന് നല്കിയ മൊഴി. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ച് അഭിപ്രായം തേടി. താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ സംഭാഷണമല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നും രാഘവന് മൊഴി നല്കി.
എന്നാല്‍ എംകെ രാഘവന്റെ കരച്ചിലിനെതിരെ സോഷ്യല്‍മീഡിയ രംഗത്തെത്തിയിട്ടുണ്ട്. കരച്ചില് വെറും അടവ് മാത്രമാണെന്നാണ് സോഷ്യല്‍മീഡിയയുടെ ആരോപണം. എത്ര തള്ളിപ്പറഞ്ഞാലും നിഷേധിച്ചാലും വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത് സത്യം തന്നെയാണ്, അത് നിഷേധിച്ചാലും സത്യം സത്യമല്ലാതാകില്ലല്ലോ എന്നും സോഷ്യല്‍മീഡിയയില്‍ പറയുന്നുണ്ട്. ഇതിനു മുന്‍പും രാഘവന് മാധ്യമങ്ങള്‍ക്ക് മുന്പില് പൊട്ടിക്കരഞ്ഞിരുന്നു. വീണ്ടും അത് ആവര്‍ത്തിക്കപ്പെട്ടപ്പോഴാണ് അടവാണെന്നും കള്ളത്തരണമാണെന്നും പ്രഹസനമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
ഹിന്ദി ചാനലായ ടിവി 9 ഭാരത് വിഷന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് എംകെ രാഘവന് കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. പണം നേരിട്ട് കൈമാറാതെ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്താല്‍ മതിയെന്ന നിര്‍ദേശങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്.
Discussion about this post