പത്തനംതിട്ട: അപ്രതീക്ഷിതമായി ബിജെപിയില്‍ നിന്നും കൂട്ടരാജി. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ആശങ്കയേക്കാള്‍ ഉപരി മാനക്കേടിനാണ് ഈ രാജികള്‍ വഴിവെച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് പ്രചാരണത്തിന് എത്തിയ ദിവസത്തിലാണ് പ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ചത്.
രാജിവെച്ചര്‍ ഒന്നടങ്കം ഡിവൈഎഫ്ഐയില്‍ അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഇവര്‍ക്ക് നല്കിയ സ്വീകരണം ഡിവൈഎഫ്ഐ ബ്ലോക്ക് ട്രെഷറര്‍ മാര്ട്ടിന് ഉദ്ഘാടനം ചെയ്തു. ബിജെപിയെ കൂടാതെ പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ച് ഡിവൈഎഫ്ഐയില്‍ ചേര്‍ന്നിട്ടുണ്ട്. അത് കെ സുരേന്ദ്രനെ പിന്തുണച്ചതിന്റെ ഫലം തന്നെയാണ്. ഇതിലൂടെ മറ്റൊരു ചിത്രം കൂടിയാണ് വെളിപ്പെടുന്നത്.
കെ സുരേന്ദ്രന് എന്ന നേതാവിനോടുള്ള അതൃപ്തിയും സ്ഥാനാര്‍ത്ഥിയുമായി യോജിച്ചു പോകുവാന്‍ കഴിയില്ലെന്നും പ്രവര്‍ത്തകരുടെ രാജി ചൂണ്ടിക്കാണിക്കുന്നു. ഇതോടെ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ചിത്രവും മാറിമറിയുന്നുണ്ട്. സംസ്ഥാന നേതൃത്വം ഏറ്റവും പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലം കൂടിയാണ് പത്തനംതിട്ട. ശബരിമല വിഷയം തന്നെയാണ് ഇവര്‍ മുന്പോട്ട് വെയ്ക്കുന്ന ആയുധവും. എന്നാല്‍ ഈ ആയുധം തന്നെ തിരിഞ്ഞു വെട്ടുകയാണ്. പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി നേരത്തെ നിലനിന്നിരുന്നു. ഇപ്പോള്‍ കൂട്ടരാജിയും ആയതോടു കൂടി സംസ്ഥാന നേതൃത്വം കടുത്ത ആശങ്കയിലാണ്.
Discussion about this post