കൊച്ചി: സൂര്യാതപ മുന്നറിയിപ്പുകളെയെല്ലാം നിഷ്കരുണം തള്ളി പ്രചാരണം ശക്തമാക്കുകയാണ് പാര്‍ട്ടികളും നേതാക്കളും അണികളും. കത്തുന്ന വെയിലില്‍ പോലും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡന്റെ പ്രചാരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
ഹൈബി ഈഡനൊപ്പം പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് മകള്‍ ക്ലാര. ഡാഡയ്ക്ക് വോട്ട് ചെയ്യണേ എന്നും ഇടയ്ക്ക് ഇടയ്ക്ക് പറയുന്നുണ്ട്. ഡാഡ എന്നാണ് ഹൈബിയെ മകള്‍ വിളിക്കുന്നത്. പ്രചാരണത്തിന് കുടുംബത്തെ ഒപ്പം കൂട്ടിയത് അണികള്‍ക്കിടയിലും ആവേശം പകര്‍ന്നു. ശ്രദ്ധാകേന്ദ്രം മകള്‍ ക്ലാര തന്നെയായിരുന്നു. കളമശേരി മണ്ഡലത്തിലെ ഗ്ലാസ് കോളനിയിലേക്ക് സ്ഥാനാര്‍ത്ഥി എത്തും മുന്‍പ് തന്നെ വോട്ട് ചോദിച്ച് ഇവരുണ്ടായിരുന്നു.
ഹൈബി ഈഡന്റെ ഭാര്യ അന്നയും മകള്‍ ക്ലാരയും അല്പം നാണിച്ച് ആദ്യം മാറിനിന്നു. എന്നാല്‍ ആളുകളെ കണ്ടതോടെ ആവേശപൂര്‍വം ക്ലാര കളത്തിലിറങ്ങി. പര്യടനവാഹനം എത്തിയതോടെ കൊച്ചു ക്ലാര അച്ഛന്റെ കൈയ്യിലേക്ക് ചാടി. കുടുംബം കൂടെയുള്ള സന്തോഷം മറച്ചുവയ്ക്കാതെ ഹൈബിയും ആവേശത്തോടെ പ്രചാരണത്തിനിറങ്ങി. വഴിയില്‍ കാത്തുനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചാണ് ക്ലാര അച്ഛനൊപ്പം പര്യടനത്തിലുടനീളം കൂടെയുണ്ടായിരുന്നത്.
Discussion about this post