കോഴിക്കോട്: കോഴ വിവാദത്തില്‍ കുടുങ്ങിയ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ എംകെ രാഘവന്റ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. എംകെ രാഘവനോട് നേരത്തേ ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തിരക്കുമൂലം ഹാജരാവാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ അന്വേഷണ സംഘവുമായി സഹകരിക്കാമെന്ന് എംകെ രാഘവന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം വീട്ടിലെത്തി മൊഴിയെടുത്തത്.
ഹിന്ദി ചാനലായ ടിവി 9 ഭാരത് വിഷന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. പണം നേരിട്ട് കൈമാറാതെ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്താല്‍ മതിയെന്ന നിര്‍ദേശങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്.
അതേ സമയം തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എംകെ രാഘവന്‍ രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എംകെ രാഘവന്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കോഴ വിവാദം പുറത്തുവന്നതോടെ യുഡിഎഫ് പ്രതിസന്ധിയിലായിരിക്കുകയാണ്.
എംകെ രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംകെ രാഘവന് അയോഗ്യത കല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്.
Discussion about this post