തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഏഴുവയസുകാരന് നീതി ഉറപ്പാക്കാന്‍ പോലീസ്. കുട്ടി മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. തലയോട്ടിക്ക് ഏറ്റ ഗുരുതരമായ പരുക്കാണ് കുട്ടിയുടെ മരണ കാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാധാരണ വീഴ്ചയില്‍ സംഭവിക്കാവുന്ന തരത്തിലുള്ള പരിക്കല്ല തലയോട്ടിക്ക് ഏറ്റതെന്നാണ് സൂചന. ഇത്ര ആഴത്തിലുള്ള പരിക്ക് എങ്ങനെ സംഭവിച്ചെന്ന് സാക്ഷി കൂടിയായ യുവതിക്ക് പറയാനായേക്കും. അന്വേഷണത്തില്‍ ഇവരുടെ മൊഴി നിര്‍ണായകമാണ്. നിലവില്‍ മുഖ്യസാക്ഷിയായി കേസില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് നീക്കം.
എന്നാല്‍ മര്‍ദ്ദനമേറ്റ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് യുവതിയും പ്രതി അരുണ്‍ ആനന്ദും നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. കുട്ടിയെ അടിയന്തിര സര്‍ജറിക്ക് വിധേയനാക്കാനായി ഡോക്ടര്‍മാര്‍ തയ്യാറെടുത്തെങ്കിലും അരുണ്‍ വഴക്കിട്ട് സാഹചര്യം വഷളാക്കുകയായിരുന്നു. സമ്മതപത്രത്തില്‍ ഒപ്പിടാതെ യുവതിയും ഫോണില്‍ മുഴുകിയതോടെ ആശുപത്രി അധികൃതര്‍പോലീസിനെ വിളിച്ചു വരുത്തിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ ആംബുലന്‍സില്‍ കയറാന്‍ കൂട്ടാക്കാതെ മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട അരുണ്‍ നിലയുറപ്പിച്ചതോടെ യുവതിയും ഇയാളോടൊപ്പം
ചേര്‍ന്നിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവതിയേയും അരുണിനൊപ്പം കൊലക്കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം, ഇന്നലെ 10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ ഇഹലോകത്തു നിന്നും വിടവാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. നിരവധിപേരാണ് നിറകണ്ണുകളോടെ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. കുട്ടിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുണ്ട്.