തൊടുപുഴ: ഒരു മാസം മുന്‍പ് അമ്മയുടെ കൈപിടിച്ച് അവന്‍ കയറി വന്നതും അവസാനമായി പായസവും കുടിച്ച് പുഞ്ചിരിച്ച മുഖവുമായി ഇറങ്ങി പോയ ആ കുരുന്നിന്റെ മുഖം ഇന്നും മായാതെ നില്‍ക്കുകയാണ് കുമാരമംഗലം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക്. കളിച്ച് ചിരിച്ചു നടന്ന ആ മുഖത്തിനു പിന്നില്‍ ഇത്രയേറെ പീഡനങ്ങള്‍ സഹിച്ചിരുന്നുവെന്ന് മനസിലായില്ലെന്ന് നിറകണ്ണുകളോടെ അധ്യാപകര്‍ പറയുന്നു.
ഒരു മാസം മുന്‍പ് രണ്ടാം ക്ലാസില്‍ ചേര്‍ന്ന കുട്ടി മികച്ച പഠന നിലവാരമാണ് പുലര്‍ത്തിയിരുന്നതെന്നും അധ്യാപകര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ സ്‌കൂളിലെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പക്ഷേ മനസിലാക്കിയിരുന്നെങ്കില്‍ കുട്ടിയ്ക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ഒമ്പത് വിദ്യാര്‍ത്ഥികളില്‍ ഒരാളായി ഒരു മാസത്തോളമാണ് കുട്ടി പഠിച്ചത്.
ഇവിടെയിരുന്ന് ഇനി നിറമുള്ള സ്വപ്നങ്ങള്‍ കാണാനും കളിക്കാനും ചിരിക്കാനും പഠിക്കാനും ഇനി ആ രണ്ടാം ക്ലാസുകാരനില്ല. മാര്‍ച്ച് 27ന് വേനലവധിക്ക് പൂട്ടുന്നതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് നല്‍കിയ പായസവും കുടിച്ചായിരുന്നു ഏഴുവയസുകാരന്റെ മടക്കം. കുമാരമംകഗലത്തെ വാടകവീട്ടിലേക്ക് താമസം മാറിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള സ്‌കൂളില്‍ കുട്ടിയെ ചേര്‍ത്തത്. പതിനഞ്ച് ദിവസങ്ങള്‍ മാത്രമേ കുട്ടി ക്ലാസില്‍ വന്നിട്ടുള്ളു.
Discussion about this post