തിരുവനന്തപുരം: പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന, പ്രശസ്തരായ ഒട്ടേറെ നടിമാരുടെ ശബ്ദമായി മാറിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മരണത്തെ അവഗണിച്ച് സിനിമാപ്രവര്‍ത്തകര്‍. അടുത്തുണ്ടായിട്ടും ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലുമെത്താതിരുന്ന സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. നടിമാരെ പ്രശസ്തരാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ആനന്ദവല്ലിയെ, അവര്‍ ശബ്ദം നല്കിയ ആരും തന്നെ മരണത്തില്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ഭാഗ്യലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു. നാല് മണിക്കൂര്‍ കാര്‍യാത്രയോ അരമണിക്കൂര്‍ വിമാനയാത്രയോ മാത്രം ദൂരെ ആദരാഞ്ജലി കാത്തിരുന്ന ആനന്ദവല്ലിക്ക് അവഗണന മാത്രമായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയതെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തുന്നു.
സാമ്പത്തികമായി തകര്‍ന്ന ആനന്ദവല്ലിക്ക് നടി മഞ്ജുവാര്യര്‍ സഹായമെത്തിച്ചിരുന്നതായും അല്ലെങ്കില്‍ അവര്‍ എന്നേ മരിച്ചുപോയേനെയെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു. എന്നാല്‍ ആനന്ദവല്ലി ശബ്ദം നല്കിയ പ്രശസ്ത താരങ്ങളായ പൂര്‍ണിമ, രേവതി, ഗീത, രാധിക, ശോഭന, സുഹാസിനി, ഊര്‍വ്വശി, സുമലത, പാര്‍വ്വതി തുടങ്ങിയ ഒരാള്‍ പോലും ആനന്ദവല്ലി മരണപ്പെട്ടതിനു ശേഷം കാണാനെത്തിയില്ലെന്നും സിനിമാ സംവിധായകര്‍ പോലും അവഗണിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി. അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമ്മകളേയും അവർ കൊണ്ടുപോയി. അമ്പിളിയുടെ മരണത്തിൽ നിന്ന് മോചിതയായി വരുന്നേയുളളു ഞാൻ.
വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും. പിണങ്ങിയ സന്ദർഭങ്ങൾ നിരവധി ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ നാല് വർഷത്തോളം എന്റെ തണൽ പറ്റി നിൽക്കാനായിരുന്നു അവർക്കിഷ്ടം. ഉപദേശിച്ചും വഴക്ക് പറഞ്ഞും ഞാൻ കൊണ്ട് നടന്നു,മകൻ ദീപന്റെ മരണത്തോടെ വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു, ഒറ്റപ്പെട്ട് പോയ പോലെ, ജീവിക്കണ്ട എന്ന തോന്നൽ,ഒരിക്കൽ ഗുരുവായൂരിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ കാർ ഓടിച്ച് കൊണ്ടു പോയി,പാലക്കാടും ഒറ്റപ്പാലത്തും യാത്ര ചെയ്തു.
ഇടക്കിടെ യാത്രകൾ ചെയ്തു.സിനിമ കാണാൻ കൊണ്ട് പോയി. സാമ്പത്തിക പ്രതിസന്ധിയും വല്ലാതെ അലട്ടിയിരുന്നു. ഞാൻ മഞ്ജു വാര്യരോട് പറഞ്ഞു. അന്ന് മുതൽ മഞ്ജു സഹായിക്കാൻ തുടങ്ങി. അല്ലെങ്കിൽ അവർ എന്നേ മരിച്ചു പോകുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് ഡബിങ് ആർട്ടിസ്റ്റുകൾ മരിച്ചു. ആദ്യം അമ്പിളി,ഇപ്പൊൾ ആനന്ദവല്ലിയും.
സിനിമയുമായി ബന്ധമുള്ള ആര് മരിച്ചാലും ആദ്യം അവിടെയെത്തി സ്വന്തം കുടുംബത്തിലെ ആരോ മരിച്ചത് പോലെ ഓടി ഓടി കാര്യങ്ങൾ നടത്തുന്നവരാണ് സുരേഷ്കുമാർ,മേനക,ജി എസ് വിജയൻ,കിരീടം ഉണ്ണി,കല്ലിയൂർ ശശി,എന്നിവർ,പതിവ് പോലെ ഇവിടേയും അവർ തന്നെയായിരുന്നു.
അമ്പിളിയും ആനന്ദവല്ലിയും പ്രായംകൊണ്ട് വളരേ വിത്യാസമുളളവരാണെങ്കിലും ഒരേ കാലഘട്ടത്തിൽ ഈ രംഗത്ത് പ്രവർത്തിച്ചവരാണ്,മലയാള സിനിമയിൽ ഇവർ രണ്ടു പേരും ശബ്ദം നൽകാത്ത നായികമാരില്ലായിരുന്നു ഒരു പതിനഞ്ചു വർഷം മുമ്പ് വരെ. മരിച്ചു പോയ മോനിഷയെ കൂടാതെ അമ്പിളി ശബ്ദം നൽകിയ നടിമാരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു, അതേപോലെ ആനന്ദവല്ലി ശബ്ദം നൽകിയ നടിമാരുടെ പേരുകൾ എത്രയോ ആണ്, എത്രയോ വലിയ വലിയ സംവിധായകരുടെ സിനിമകളിലെ എത്രയോ നായികമാർ. പൂർണിമ,രേവതി,ഗീത,രാധിക,ശോഭന,സുഹാസിനി,ഊർവ്വശി,സുമലത,പാർവ്വതി, അങ്ങനെ പറഞ്ഞാൽ തീരില്ല. പക്ഷേ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാൾ പോലും അവസാനമായി ആ മുഖം കാണാൻ വന്നില്ല, നടിമാർ മാത്രമല്ല സംവിധായകരും വന്നില്ല, എന്നത് ഒരു ഡബിങ് ആർട്ടിസ്റ്റ് എന്ന രീതിയിൽ എനിക്ക് വല്ലാതെ വേദനിച്ചു. ഏറ്റവും ഒടുവിൽ ഒരു പ്രണാമം അർപ്പിക്കാനുളള വില പോലും ഇവരാരും ആ കലാകാരിക്ക് നൽകിയില്ല.എർണാകുളം അങ്ങ് ദുബായിലോ അമേരിക്കയിലോ അല്ലല്ലോ,കേവലം നാല് മണിക്കൂർ കാർ യാത്ര,അര മണിക്കൂർ വിമാന യാത്ര. ദൂരെയുളളവരെ എന്തിന് പറയുന്നു.രണ്ട് കിലോമീറ്റർ ദൂരത്തുളള സംവിധായകർ പോലും വന്നില്ല,പിന്നെയാണോ. എന്തിനാണ് കേവലം ഒരു ഡബിങ് ആർട്ടിസ്റ്റിനു വേണ്ടി അവരുടെ സമയവും പണവും ചിലവാക്കണം എന്നാവാം അവരൊക്കെ കരുതിയത്. വലിയ വലിയ ആളുകളുടെ മരണത്തിനേ വിലയുളളു. കേവലം ഒരു ഡബിങ് ആർട്ടിസ്റ്റ് ന്റെ മരണം. അങ്ങനെ കരുതിയാൽ പിന്നെ എന്ത് പറയാൻ.മാധ്യമങ്ങൾ നൽകിയ കരുതൽ പോലും നാല്പതു വർഷം പ്രവർത്തിച്ച ഈ രംഗം അവർക്ക് നൽകിയില്ല.മറ്റൊരു വിരോധാഭാസം വിരലിലെണ്ണാവുന്ന ചില ഡബിങ് ആർട്ടിസ്റ്റ്കളൊഴികെ ഭൂരിഭാഗം ഡബിങ് ആർട്ടിസ്റ്റുകളും സഹ പ്രവർത്തകയെ,ഒരു മുതിർന്ന ഡബിങ് ആർട്ടിസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാൻ വന്നില്ല എന്നതാണ്,പിന്നെന്തിനാണ് മറ്റുളളവരെ പറയുന്നത്. എങ്കിലും ഞങ്ങളുടെ ഇടയിലെ ഒരു കലാകരിയുടെ അന്ത്യ യാത്രയിൽ ഞങളോടൊപ്പം നിന്ന ചില കലാകാരന്മാരെ സ്നേഹത്തോടെ ഓർക്കുന്നു.
Discussion about this post