തൃശ്ശൂര്‍: ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടെന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും പാര്‍ട്ടി തന്നെ അതിന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അയ്യന് എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കും. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും- സുരേഷ് ഗോപി പറയുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു സുരേഷ് ഗോപി വിവാദപരാമര്‍ശം നടത്തിയത്.
അയ്യപ്പന് ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണത്. ഇതേ തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ടിവി അനുപമ ഇന്നലെ സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ് സുരേഷ് ഗോപിയും രംഗത്തെത്തിയത്.
Discussion about this post