എനിക്കു വിശക്കുന്നെടാ…ഒരു ബിസ്‌ക്കറ്റ് തരുമോ? വിശപ്പ് സഹിക്കവയ്യാതെ കൂട്ടുകാരോട് ബിസ്‌ക്കറ്റിന് കെഞ്ചി ആ കുഞ്ഞ്! അരുണിന്റെ പീഡനം പട്ടിണിക്കിട്ടും

വിശപ്പു സഹിക്കാനാകാതെ പലപ്പോഴും കൂട്ടുകാരോട് ബിസ്‌കറ്റിനു വേണ്ടി കെഞ്ചിയിരുന്നു ആ ഏഴു വയസ്സുകാരന്‍.

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരനെ കുറിച്ചുള്ള ഹൃദയം തകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിശപ്പു സഹിക്കാനാകാതെ പലപ്പോഴും കൂട്ടുകാരോട് ബിസ്‌കറ്റിനു വേണ്ടി കെഞ്ചിയിരുന്നു ആ ഏഴു വയസ്സുകാരന്‍. പുറത്ത് വന്ന വാര്‍ത്തയെക്കാളും ക്രൂര പീഡനങ്ങള്‍ ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത് കേരളത്തെ ആകെ ഞെട്ടിച്ച ഈ വാര്‍ത്തകള്‍ കേട്ട് മാത്രം.

കുഞ്ഞുങ്ങളെ ഇല്ലാതാക്കാന്‍ ആ ‘ക്രൂരന്‍’ ഇതിനു മുമ്പും മനഃപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ പ്രതി അത്രയ്ക്കും ക്രൂരനാണെന്നാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത.

ഇവര്‍ തിരുവനന്തപുരത്തു താമസിക്കുന്ന സമയത്ത് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളിലേക്കു റോഡിലൂടെ നടന്നു പോകാന്‍ അരുണ്‍ കുട്ടിയെ
നിര്‍ബന്ധിച്ചിരുന്നു. അപകടത്തില്‍ പെടണമെന്ന് കരുതിയാണിത് എന്നാണ് ആരോപണം. എന്നും കുഞ്ഞുങ്ങളെ ഇല്ലാതാക്കാന്‍ തന്നെയായിരുന്നു അയാളുടെ പദ്ധതി.

ഒരിക്കല്‍ തിരക്കേറിയ നഗരത്തില്‍ കുട്ടിയെ തനിയെ ഇറക്കി വിട്ട് അരുണ്‍ കടന്നു കളഞ്ഞു. പലപ്പോഴും കുട്ടികളെ പട്ടിണിക്കിട്ട് ശിക്ഷിക്കുന്നതും അരുണിന്റെ ഒരു രീതിയായിരുന്നു. ഇളയകുഞ്ഞിന്റെ കാലിലും മറ്റും ചതവിന്റെ പാടുകള്‍ ഉണ്ടായതിനു പിന്നിലും അരുണായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നിലും കുട്ടികളുടെ അമ്മ ഇടപെട്ടിരുന്നില്ല.

ഒരു വര്‍ഷത്തിനിടെ 3 സ്‌കൂളുകളില്‍ കുട്ടിയെ മാറി മാറി ചേര്‍ത്തു. ഉടുമ്പന്നൂരിലെ വീടിനു സമീപമുള്ള തട്ടക്കുഴ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം പഠിച്ചിരുന്നത്. തുടര്‍ന്ന്, അമ്മ അരുണിനൊപ്പം തിരുവനന്തപുരത്ത് താമസം തുടങ്ങിയതോടെ അവിടെ സ്‌കൂളില്‍ ചേര്‍ത്തു. ഒരു മാസം മുമ്പ് തിരിച്ചെത്തി കുമാരമംഗലത്ത് വാടക വീട് എടുത്തതോടെ സമീപത്തുള്ള ഗവ. സ്‌കൂളിലാക്കി. ഇളയ കുട്ടിയെ എല്‍കെജിയിലും ചേര്‍ത്തു.

അവസാനമായി സ്‌കൂളിലെത്തിയത് 27നായിരുന്നു. അധ്യയന വര്‍ഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് സ്‌കൂളില്‍ പായസം ഒരുക്കിയിരുന്നു. 2 പേരും അതു കഴിച്ചു സന്തോഷമായാണു മടങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അന്നു രാത്രിയായിരുന്നു ഒരു നാടിനെ ഞെട്ടിച്ച് അരുണിന്റെ ക്രൂര പീഡനം. 28ന് ഒരു പരീക്ഷ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും കുട്ടി എത്തിയില്ല. അമ്മയെ വിളിച്ചപ്പോള്‍ കട്ടിലില്‍ നിന്നു വീണ് പരുക്കേറ്റു എന്നാണ് പറഞ്ഞത്.

Exit mobile version