കോട്ടയം: തന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ആ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞെന്ന് അറിയിച്ചിട്ടും കൂസലില്ലാതെ പ്രതി അരുണ്‍ ആനന്ദ് പോലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. കുട്ടി മരിച്ചെന്ന് അറിയിച്ചപ്പോള്‍ മുഖത്ത് ഒരു ഭാവമാറ്റം പോലുമുണ്ടായില്ല. പ്രതിയുടെ കൂസലില്ലായ്മ അയാളുടെ ക്രൂര വ്യക്തിത്വം വിളിച്ചറിയിക്കുന്നതായിരുന്നു.
അറസ്റ്റിലായതിനു പിന്നാലെ കഴിഞ്ഞ മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നാണ് മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചത്. ഇതിനിടെ കുട്ടി മരണപ്പെട്ടതോടെ പോലീസ് വിവരം ഇയാളെ ധരിപ്പിക്കുകയായിരുന്നു. എന്നാല്‍, അരുണ്‍ പ്രതികരിച്ചില്ല. മുഖത്തെ ഭാവങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ഉച്ചയ്ക്ക് ജയിലില്‍ മട്ടന്‍കറിയായിരുന്നു. ഒരു ഭാവമാറ്റവുമില്ലാതെ അരുണ്‍ ഭക്ഷണം കഴിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇത് മറ്റ് തടവുകാര്‍ക്കും പോലീസുകാര്‍ക്കും അമ്പരപ്പുളവാക്കി.
അതേസമയം, കുഞ്ഞിന്റെ വിയോഗമറിഞ്ഞ് തേങ്ങുകയാണ് കേരളത്തിലെ ഓരോ മനസുകളും. വൈകിട്ട് ആറരക്കെത്തുമെന്ന് അറിയിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകി എട്ടരയോടെയാണ് ഉടുമ്പന്നൂരിലെ അമ്മ വീട്ടിലേക്ക് കുഞ്ഞുമൃതശരീരം എത്തിച്ചത്. ആദ്യം വീട്ടിനുള്ളില്‍ കൊണ്ടുപോയി കുട്ടിയുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കി. പീന്നീട് വീടിന്റെ മുറ്റത്ത് ഒരുക്കിയ ഏഴുവയസുകാരന്റെ പൊതുദര്‍ശനത്തിന് ഒരു നാടാകെ ഓടിയെത്തി. പരിചയമുള്ളവരും കേട്ടറിഞ്ഞവരും ആ ചേതനയറ്റ കുഞ്ഞുശരീരത്തില്‍ അവസാനമായി ആദരവര്‍പ്പിച്ച് തേങ്ങുന്നത് നൊമ്പര കാഴ്ചയായി. മാനം പോലും കറുത്ത് പെയ്ത് ഒഴുകുകയായിരുന്നു അപ്പോള്‍. തോരാക്കണ്ണീര്‍ ബാക്കിയാക്കി ഒന്‍പതരയോടെ പൊതുദര്‍ശനത്തിനു ശേഷം വീടിനോടു ചേര്‍ന്നുള്ള പറമ്പിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
Discussion about this post