തിരുവനന്തപുരം: കേരളത്തെ ആശങ്കയിലാക്കി വീണ്ടും തലസ്ഥാനത്ത് ഡ്രോണ്‍ പറന്നു. ഇത്തവണയും പോലീസ് ആസ്ഥാനത്തിന് മുകളിലാണ് ഡ്രോണ്‍ പറന്നത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തേയും പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ പറന്നിരുന്നു. ഇതിനു പുറമെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തും ഡ്രോണ്‍ കണ്ടെത്തിയിരുന്നു.വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തായാണ് കഴിഞ്ഞ ദിവസം ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ പറത്തിയ ശ്രീകാര്യം സ്വദേശി നൗഷാദിനെ പിറ്റേ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോണുകള്‍ പറന്നതായി കണ്ടെത്തിയിരുന്നു.
തലസ്ഥാനത്ത് ഡ്രോണുകള്‍ ദുരൂഹ സാഹചര്യത്തില്‍ പറന്നതിനെ തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.