തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ കൊടിയ പീഡനത്തില്‍ മരണപ്പെട്ട ഏഴുവയസുകാരന്റെ അമ്മയ്ക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ശക്തമാകുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ഒന്‍പത് നാള് ചികിത്സയില്‍ കഴിഞ്ഞതിനുശേഷം പത്താം ദിനത്തിലാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെയാണ് ജനം കുട്ടിയുടെ അമ്മയ്ക്കെതിരെയും തിരിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍ എഴുവയസുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. നാൡത്രയും വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു കുട്ടി. ഇന്ന് രാവിലെ 11.30യോടെ രക്തസമ്മര്‍ദം കുറഞ്ഞ് കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെതിരെ കൊലകുറ്റം ചുമത്തിയിട്ടുണ്ട്. അതുപോരാ അമ്മയ്ക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. കുട്ടിയുടെ മരണത്തിന് കൂട്ട് നിന്ന അമ്മയ്ക്കെതിരെ കേസെടുക്കണമെന്ന് എഴുത്തുകാരി സുഗതകുമാരി അഭിപ്രായപ്പെട്ടു.
ആദ്യ ഭര്‍ത്താവ് മരിച്ചയുടന്‍ ബന്ധുവിനൊപ്പം ഇറങ്ങിപ്പോയ സ്ത്രീ കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ ധൈര്യം കാണിച്ചില്ലെന്ന് സാമൂഹിക പ്രവര്‍ത്തക ധന്യാ രാമനും കുറ്റപ്പെടുത്തി. ഇവരെ കേസില്‍ പ്രതി ചേര്‍ത്തില്ലെങ്കില്‍ ശക്തമായി സമര പരിപാടിയുമായി മുന്പോട്ട് പോകുവാനാണ് തീരുമാനമെന്നും ധന്യാ രാമന് തുറന്നടിച്ചു. സ്വന്തം കുഞ്ഞുങ്ങളെ മറ്റൊരാള്‍ ഉപദ്രവിക്കുന്നത് കണ്ട് നാളിത്രയും മൗനം പാലിച്ചത് കൊടിയ പാപം തന്നെയാണെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. കുട്ടി മരിച്ചതോടെ അമ്മയെ കേസില്‍ രണ്ടാം പ്രതിയാക്കിയേക്കും എന്നും സൂചനയുണ്ട്.
അരുണിന്റെ മര്‍ദ്ദനത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞ് കഴിഞ്ഞ പത്തുദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു. ശേഷം ആദ്യം കാഴ്ച ശക്തി നഷ്ടപ്പെട്ടതായി അറിയിച്ചു, പിന്നീട് മസ്തിഷ്ക മരണവും. ശേഷം മരുന്നുകളോടും പ്രതികരിക്കാതെയായി, ഹൃദയമിടിപ്പും താഴ്ന്നു. ഇതോടെ കുട്ടി ജീവിതത്തിലേയ്ക്ക് തിരികെ വരുമെന്ന എല്ലാ പ്രതീക്ഷകളും മങ്ങിയിരുന്നു. ഇളയകുഞ്ഞിനെ ശരിയായ സമയത്ത് മൂത്രമൊഴിപ്പിച്ചില്ലെന്ന പേരിലാണ് അമ്മയുടെ സുഹൃത്ത് മാര്‍ച്ച് 28ന് പുലര്‍ച്ചെ അതിക്രൂരമായി ആക്രമിച്ചത്. ആദ്യം വയറ്റത്ത് ചവിട്ടി. പിന്നീട് എടുത്തെറിഞ്ഞപ്പോള് സ്റ്റീല്‍ അലമാരിയില്‍ തട്ടി തലയോട്ടിക്ക് നീളത്തില്‍ മുറിവേല്‍ക്കുകയായിരുന്നു.
Discussion about this post