തിരുവനന്തപുരം: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ മരണം വേദനാജനകമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സംഭവം നടന്ന് 10 ദിവസത്തിന് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അതേസമയം ഇത്തരത്തില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരത അംഗീകരിക്കാനാകില്ല എന്നും സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ അടുത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് സ്വന്തം വീട്ടില്‍ തന്നെ ആണ്. അടുത്തവീട്ടില്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടന്നാല്‍ മിണ്ടാതെ ഇരിക്കുന്നതിന് പകരം അധികൃതരെ അറിയിക്കണമെന്നും അത്തരത്തിലുള്ള ഒരു കൂട്ടായ പ്രവൃത്തിയാണ് നമുക്കിടയില്‍ വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി സര്‍ക്കാര്‍ രൂപം കൊടുത്ത ഒന്നാണ് വനിത ശിശു വികസന വകുപ്പ്.
കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
1517 എന്ന ഫോണ്‍ നമ്പറില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. എല്ലാവരും ഈ നമ്പര്‍ ഓര്‍മ്മിച്ച് വയ്‌ക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു. കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെ അതിജീവിക്കാന്‍ കുട്ടിക്കായില്ല. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയും ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്.