കോട്ടയം: തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ന് രാജ്യം. വോട്ടുറപ്പിക്കാനായി നേതാക്കളും അണികളും കത്തുന്ന വെയിലിനെ പോലും അവഗണിച്ച് മുന്നേറുകയാണ്. ഈ തെരഞ്ഞെടുപ്പ് കോട്ടയത്ത് പ്രതിപാതിച്ചത് ഒരു കല്യാണ വീട്ടിലാണ്. തെരഞ്ഞെടുപ്പ് പ്രമേയമാക്കിയാണ് സേവ് ദ ഡേറ്റും മറ്റും ചെയ്തിരിക്കുന്നത്. ക്ഷണക്കത്തും തെരഞ്ഞെടുപ്പിന് സമാനമാണ്. വേളൂര്‍ സ്വദേശി ശില്‍പയുടെയും കുമരകം സ്വദേശി അര്‍ജുനിന്റെയും വിവാഹത്തിലെ വ്യത്യസ്തതയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടു പിടിച്ചത്.
‘വോട്ട്’ തേടി തിരക്കിട്ട പ്രചാരണത്തിലാണ് കുടുംബം. ഇവരുടെ വോട്ട് നാട്ടുക്കാരുടെയും ബന്ധുക്കളുടെയും പങ്കാളിത്തമാണ്. തെരഞ്ഞെടുപ്പിനെ കൂട്ടുപിടിച്ച ഈ ക്ഷണക്കത്തും സേഫ് ദ ഡേറ്റും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ക്ഷണക്കത്തിന്റെ ഡിസൈന്‍ പോലും തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പോലെയാണ്. കോട്ടയം നിയോജകമണ്ഡലത്തില്‍ മെയ് 7ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നാണ് ഈ പോസ്റ്ററിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നിര്‍ബന്ധമാണ്. പോസ്റ്ററില്‍ അതും പ്രത്യേകം എടുത്ത് കാണിച്ചിട്ടുണ്ട്. പ്രണയചിഹ്നം!
ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയിലും തെരഞ്ഞെടുപ്പ് തന്നെയാണ് താരം. സ്ഥാനാര്‍ത്ഥികള്‍ വീടുകളില്‍ ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് ഇരുവരും നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളും ഒക്കെ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. മിനുക്ക് പണികള്‍ തീര്‍ത്ത വീഡിയോ തിങ്കളാഴ്ച്ച പുറത്തിറക്കും. വിവാഹത്തില്‍ വ്യത്യസ്തത എപ്പോഴും വേണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും.
പല തരത്തിലുള്ള സാഹസികത നടത്തിയും മറ്റും സമൂഹമാധ്യമങ്ങളില്‍ ചിലരെങ്കിലും ഇടംപിടിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഈ തെരഞ്ഞെടുപ്പ് കല്യാണവും. വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്ളവരാണ് ഈ വരനും വധുവും. ക്ഷണക്കത്ത് ഇത്തരത്തില്‍ തയ്യാറാക്കിയത് തെരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊണ്ട് തന്നെയാണെന്ന് ശില്‍പയും പറഞ്ഞു. വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ്-ബിന്ദു ദമ്പതിമാരുടെ മകളാണ് ശില്‍പ. കോട്ടയം എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയാണ്. കുമരകം കോയിക്കല്‍ച്ചിറ പവന്‍-പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്.
Discussion about this post