തിരുവനന്തപുരം: ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് വീണ്ടും വര്‍ഗ്ഗീയ പരാമര്‍ശം നടത്തി വിവാദത്തില്‍. മുസ്ലീം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീനെ വര്‍ഗ്ഗീയവാദി എന്ന് വിളിച്ചാണ് ഇത്തവണ ഗോപാലകൃഷ്ണന് വിവാദം കത്തിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ബി ഗോപാലകൃഷ്ണന് എംഎല്‍എയെ ആക്ഷേപിച്ചത്.
രാഹുല്‍ ഗാന്ധി ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ ഷംസുദ്ദീനെ പോലെയുള്ള വര്‍ഗ്ഗീയവാദികള്‍ അതിന് കൂട്ടുനില്ക്കുകയുമാണ് എന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പാരമര്‍ശം. ഇത് കേട്ടതോടെ ചര്ച്ചയ്ക്കുണ്ടായിരുന്ന എന്‍ ഷംസുദ്ദീന് എംഎല്‍എയും ബി ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കമായി.
വാക്കേറ്റത്തിനിടെ, താന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും വോട്ട് കിട്ടി ജയിച്ച ഒരു ജനപ്രതിനിധിയാണെന്നും വര്‍ഗ്ഗീയവാദി എന്ന് തന്നെ വിളിക്കരുതെന്നും എന്‍ ഷംസുദ്ദീന് മറുപടി പറഞ്ഞു. ഇതിനു മറുപടിയായി ആദ്യം മുസ്ലീം ലീഗിന്റെ പതാക മാറ്റൂ എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറുപടി.
പാകിസ്താന് പതാകയും മുസ്ലിം ലീഗിന്റെ പതാകയും ഒരുപോലെയാണെന്നും ഇതാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ലീഗിന്റെ പതാക പാക് പതാകയായി തെറ്റിദ്ധരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു. ഇതിനു മറുപടിയായി ഇന്ത്യന്‍ മനസുകളിലെ സഹജമായ പാകിസ്താന് വിരോധം ഉപയോഗിച്ച് രാജ്യത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എന്‍ ഷംസുദ്ദീനും തിരിച്ചടിച്ചു.
നേരത്തെ, രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഉറപ്പിച്ചപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകള്‍ വീശി സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പാകിസ്താന് പതാകയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ ഉത്തരേന്ത്യയില്‍ രാഹുലിനെതിരെ ആയുധമാക്കാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ ന്യായീകരിക്കുന്ന പരാമര്‍ശമാണ് ഇപ്പോള്‍ ബി ഗോപാലകൃഷ്ണന് നടത്തിയിരിക്കുന്നത്.
Discussion about this post