കെട്ടിച്ചമച്ചതല്ല, തെളിവുകള്‍ ഏത് ഏജന്‍സിക്ക് വേണമെങ്കിലും കൈമാറാം; എംകെ രാഘവന്‍ മാത്രമല്ല വിവിധ പാര്‍ട്ടികളില്‍പ്പെട്ട 18 ഓളം എംപിമാരെ തങ്ങള്‍ സമീപിച്ചിരുന്നു; ടിവി9 ഭാരത്‌വര്‍ഷ്

ന്യൂഡല്‍ഹി: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെയുള്ള വിവാദം ശരിവെച്ച് ഹിന്ദി സ്വകാര്യ ചാനലായ ‘ടിവി9 ഭാരത്‌വര്‍ഷ്’ രംഗത്ത്. രാഘവനെതിരായ വിവാദം കെട്ടച്ചമച്ചതാണെന്ന് കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു ഇതിനെതിരെ ആണ് ചാനല്‍ പരസ്യമായി രംഗത്തെത്തിയത്.

അതേസമയം തന്റെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് കഴിഞ്ഞദിവസം രാഘവന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ വീഡിയോ സഹിതം ശാസ്ത്രീയ പരിശോധനയ്ക്കായി ഏത് അന്വേഷണ ഏജന്‍സിക്കും കൈമാറാന്‍ തയ്യാറാണെന്ന് ടിവി9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം സ്റ്റിങ് ഓപ്പറേഷനുകള്‍ പതിവാണെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു. ഈ ഓപ്പറേഷനില്‍ എടുത്ത വീഡിയോകളില്‍ ഒരു കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടില്ല. എം കെ രാഘവന്റെ ദൃശ്യങ്ങളും ശബ്ദവും തന്നെയാണ് സംപ്രേഷണം ചെയ്തതെന്നും ടിവി9 വ്യക്തമാക്കി.

രാഘവനെ മാത്രമല്ല കോണ്‍ഗ്രസുകാരും ബിജെപിക്കാരും മറ്റ് പാര്‍ട്ടിക്കാരുമുള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 18 ഓളം എംപിമാരെ തങ്ങള്‍ സമീപിച്ചിരുന്നെന്നും മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കള്ളപണം ഉപയോഗിച്ചതായും പലരുടെയും അഴിമതി ബന്ധങ്ങളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട് എന്നും ടിവി9 പറഞ്ഞു.

അതേസമയം എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പിഎ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്.

Exit mobile version