ചാലക്കുടി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ പ്രചാരണം കൊഴുപ്പിക്കുകയാണ്. അതേസമയം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വേണ്ടി എംഎല്‍എമാര്‍ പ്രചാരണത്തിനിറങ്ങും. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം വേണമെന്നതിനാല്‍ എംഎല്‍എമാര്‍ പ്രചാരണത്തിന് ഇറങ്ങുകയാണ്.
ബെന്നി ബെഹനാന്റെ അഭാവത്തിലും പ്രചാരണത്തില്‍ ഒരു കുറവും വരുത്തരുത് എന്നാണ് യുഡിഎഫിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ പ്രചാരണരംഗത്ത് ഉണ്ടാകും എന്നാണ് വിവരം. ഇന്ന് രാവിലെ പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കും.
ബെന്നി ബെഹനാന് തന്റെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായത്. യുഡിഎഫിന് ശക്തമായ പിന്തുണയുള്ള മണ്ഡലമായിരുന്നു ചാലക്കുടി. എറണാകുളത്തും തൃശ്ശൂരിലും മണ്ഡലം വ്യാപിച്ചു കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫിന് പാളി. അത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ബെന്നി ബെഹനാന്.
സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിലിറങ്ങാന് കഴിയാത്ത സാഹചര്യത്തില്‍ അങ്കലാപ്പിലായിരുന്നു യുഡിഎഫ്. തുടര്‍ന്നാണ് എംഎല്‍എമാര്‍ നേരിട്ട് പര്യടനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, വിപി സജീന്ദ്രന് എന്നിവര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. എറണാകുളം ലോക്സഭാ മണ്ഡലത്തിന് കീഴിലെ എംഎല്‍എ മാരായ വിഡി സതീശന്, പിടി തോമസ് എന്നിവരും പ്രചാരണത്തിന് ഊര്‍ജം പകരാന്‍ എത്തും. കൂടാതെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ മണ്ഡലത്തില്‍ സജീവ പ്രചാരണം നടത്തും.
Discussion about this post