പാലക്കാട്: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച യുവതികള്‍ ആരൊക്കെയാണെന്ന് പരീക്ഷയില്‍ ചോദ്യം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് ഈ മാസം മൂന്നിനു നടത്തിയ പരീക്ഷയില്‍ നവോത്ഥാനവുമായി ബന്ധപ്പെട്ട ഭാഗത്താണു ചോദ്യം വന്നത്.
2018 സെപ്തംബര്‍ 28 ലെ സുപ്രീംകോടതി വിധിക്കു ശേഷം ശബരിമല അയ്യപ്പക്ഷേത്രത്തില്‍ പ്രവേശിച്ച 10നും 50നും ഇടയിലുള്ള യുവതികളുടെ പേരെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരസൂചികകളില്‍ ബിന്ദു തങ്കം കല്യാണി, സിഎസ് ലിബി, ബിന്ദു അമ്മിണി , കനകദുര്‍ഗ, സൂര്യ ദേവചന്ദന പാര്‍വതി എന്നിവര്‍ക്കൊപ്പം ശശികല ശോഭ എന്നീ പേരുകളും നല്‍കിയിട്ടുണ്ട്.
ഏറെ വിവാദത്തിലേയ്ക്ക് കൂപ്പു കുത്തി വീണ ഒന്നാണ് ശബരിമലയിലെ സ്ത്രീപ്രവേശനം. മലചവിട്ടാന്‍ യുവതികളെ സമ്മതിക്കാതെ പ്രതിഷേധക്കാര്‍ സംസ്ഥാനത്ത് അഴിച്ചു വിട്ട ആക്രമണങ്ങള്‍ ചെറുതല്ല. എന്നാല്‍ ഇവയെല്ലാം തള്ളി വെളുപ്പിനാണ് കനകദുര്‍ഗയും, ബിന്ദുവും മലചവിട്ടിയത്. അത് സംസ്ഥാനത്ത് വലിയ തോതില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുവെങ്കിലും ചരിത്രം ഇവരിലൂടെ തിരുത്തി കുറിക്കപ്പെടുകയായിരുന്നു. ഇതാണ് ഇന്ന് പിഎസ്‌സിയിലും ഇടംപിടിച്ചിട്ടുള്ളത്.