കൊച്ചി: പതിനേഴാം ലോക്സഭയിലേക്ക് നടക്കുന്ന നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയം മറക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളും മുഖ്യധാരാ മാധ്യമങ്ങളും കേരളത്തിലേക്കുള്ള രാഹുലിന്റെ വരവിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയുടെ സാരിയും ബാഹ്യസൗന്ദര്യവുമാണെന്ന് എം സ്വരാജ് വിമര്‍ശിക്കുന്നു.
അവര്‍ മൂക്കിനെക്കുറിച്ച് സംസാരിക്കട്ടെ, നമുക്ക് ഇന്ത്യയെക്കുറിച്ച് ചിന്തിക്കാം എന്ന തലക്കെട്ടില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പോലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്താത്ത കോണ്‍ഗ്രസിനെയും നേതാവിന്റെ സൗന്ദര്യം വാര്‍ത്തയാക്കുന്ന മാധ്യമങ്ങളേയും അദ്ദേഹം വിചാരണ ചെയ്യുകയാണ്. അന്ന് ഉമ്മന്‍ചാണ്ടി മുടി ചീകില്ലെന്ന് എഴുതിപ്പിടിപ്പിച്ച മനോരമ ഇത്തവണ പ്രിയങ്കഗാന്ധിയുടെ മുടിയെ കുറിച്ച് സംസാരിക്കുന്നെന്നും എം സ്വരാജ് വിമര്‍ശിക്കുന്നു.
എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അവര്‍ മൂക്കിനെക്കുറിച്ച് സംസാരിക്കട്ടെ,
നമുക്ക് ഇന്ത്യയെക്കുറിച്ച് ചിന്തിക്കാം.
ജനാധിപത്യ ഇന്ത്യ നിര്‍ണായകമായൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആരാണ് ഇനി ഇന്ത്യ ഭരിക്കുക എന്നതിനെക്കാള്‍ ഇന്ത്യ ഇനിയും നിലനില്‍ക്കുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മൗലിക പ്രശ്നം. അതു തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ വര്‍ദ്ധിച്ച പ്രാധാന്യമുള്ളതാക്കി മാറ്റുന്നതും. ഇന്ത്യന്‍ ഭരണഘടനയെ ഉള്‍ക്കൊള്ളാത്തവരും, മതനിരപേക്ഷതയെ അംഗീകരിക്കാത്തവരുമാണ് സംഘ പരിവാരം. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്ത് മത രാഷ്ട്രം പണിയാന്‍ വെമ്പി നില്ക്കുന്നവരാണവര്. വീണ്ടുമവര്‍ അധികാരത്തില്‍ വന്നാല്‍, ക്രമേണ പാര്‍ലമെന്റിന്റെ ഇരുസഭകളിലും RSS മേധാവിത്വം യാഥാര്‍ത്ഥ്യമായാല്‍ പിന്നെ ഇന്ത്യ മത നിരപേക്ഷ രാഷ്ട്രമായി നിലനില്‍ക്കില്ല. നമ്മുടെ ഭരണഘടന പൊളിച്ചെഴുതപ്പെടും വര്‍ഗ്ഗീയ കലാപങ്ങളുടേയും വംശഹത്യകളുടെയും നാടായി ഇന്ത്യ മാറും. വിയോജിക്കുന്നവരെല്ലാം നിശബ്ദരാക്കപ്പെടും. ജനാധിപത്യം മരിക്കും. ഇന്ത്യ വലിയൊരു ശ്മശാനമാകും. മതനിരപേക്ഷ ഇന്ത്യ മരിച്ചു പോകാതിരിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തിയേ മതിയാവൂ. പക്ഷേ ബി ജെ പി ദുര്‍ബലമായ കേരളത്തില്‍ വോട്ടെടുപ്പിന് മുമ്പേ ബി ജെ പി തോല്‍ക്കും. ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ യഥാര്‍ത്ഥ മത്സരം.കുതിരക്കച്ചവടത്തിലൂടെ ക്രിത്രിമഭൂരിപക്ഷമുണ്ടാക്കുന്നതില് വിദഗ്ധരായ ബി ജെ പി യെ തോല്പിക്കുമ്പോള് തന്നെ എല്ലാ കച്ചവട സാധ്യതകളെയും ഇല്ലാതാക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മതനിരപേക്ഷ പക്ഷത്ത് അടിയുറച്ചു നില്ക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെല്ലാവരും ഇവിടെ നിന്ന് വിജയിച്ചാല്‍ മലയാളികള്‍ക്ക് സമാധാനമായി ഉറങ്ങാം. തങ്ങളുടെ ജനപ്രതിനിധിയെ ബിജെപി വിലയ്ക്കു വാങ്ങുമെന്ന ഭയം വേണ്ടെന്നു സാരം. വിലയ്ക്കു വാങ്ങാനിറങ്ങുന്ന ബി ജെ പിയില്‍ നിന്നും MP മാരെ രക്ഷിക്കാന്‍ റിസോര്‍ട്ടുകളില്‍ പൂട്ടിയിടേണ്ടി വരില്ല എന്നര്‍ത്ഥം. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നാല്‍ ബി ജെ പി യ്ക്ക് കാശു കൊടുത്താല്‍ വാങ്ങാന്‍ പറ്റുന്നവരെയും തോല്പിക്കുക എന്നാണര്‍ത്ഥം. മതനിരപേക്ഷ ഇന്ത്യയുടെ നിലനില്പിനൊപ്പം അതീവഗൗരവതരമായ മറ്റു സാമൂഹ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിര്‍ണയാവകാശം കുത്തക കമ്പനികള്‍ക്ക് അടിയറ വെച്ചതും, പാചകവാതകത്തിന്റെ അന്യായമായ വിലക്കയറ്റവും, കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നയവും, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും, തൊഴില്‍ രംഗത്തെ കരാര്‍ തൊഴില്‍ ഉള്‍പ്പെടെയുള്ള വഞ്ചനയും, തൊഴിലില്ലായ്മയും, രാജ്യത്തെ നടുക്കിയ അഴിമതികളും, നോട്ടു നിരോധനവും, GST യും, ദളിത്-ന്യൂനപക്ഷ വേട്ടയും, വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയവും, തീവ്രവര്‍ഗീയ അജണ്ടകളുമൊക്കെ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വേദിയാണീ തിരഞ്ഞെടുപ്പ്. പട്ടിണി മരണങ്ങളും, ദാരിദ്ര്യവും ,കോര്പ്പറേറ്റ്സേ വയും, ശിശു മരണങ്ങളുമെല്ലാം ചര്‍ച്ച ചെയ്യേണ്ട ഈ തിരഞ്ഞെടുപ്പിനെ എങ്ങനെയൊക്കെയാണ്അട്ടിമറിക്കാന് ശ്രമിക്കുന്നതെന്നു നോക്കൂ. ആശയസമരമായി രൂപപ്പെടേണ്ട തിരഞ്ഞെടുപ്പിനെ ഊതിവീര്‍പ്പിച്ച വ്യക്തി മാഹാത്മ്യങ്ങളുടെയും പൊള്ളയായ അപദാനങ്ങളുടേയും തനി പൈങ്കിളി വര്‍ത്തമാനങ്ങളുടേയും ഇത്തിരി വട്ടങ്ങളില്‍ ഒതുക്കാന്‍ നോക്കുമ്പോള്‍ തോല്പിക്കപ്പെടുന്നത് ജനങ്ങളാണ് ജനാധിപത്യമാണ് ഇന്ത്യയാണ്.
ഒരാശയത്തെ ഉയര്‍ത്തിക്കാട്ടാതെ, ബദല്‍ നയങ്ങളെക്കുറിച്ച് ഒന്നും പറയാതെ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് കണക്കുകൂട്ടുന്നവര്‍ തിരഞ്ഞെടുപ്പിനെ പോലും അരാഷ്ട്രീയമാക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനില്‍ക്കുന്നവരും ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ ‘വലുപ്പം ‘ കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവണം ഇത്തവണ പൊടുന്നനെ പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസ് രംഗത്തിറക്കിയത് . ‘രക്ഷകന്’ ഏശില്ലെന്ന തോന്നലില്‍ ‘രക്ഷക’യെ ഉയര്‍ത്തിക്കാട്ടുമ്പോഴും വൈകല്യമാര്‍ന്ന സ്വന്തം നയങ്ങളെപ്പറ്റി മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ്.നയം തിരുത്തുമെന്ന് പറയാനുള്ള ആര്‍ജവം ഇപ്പോഴുമവര്‍ക്കില്ല. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് കൂട്ടാണ്. കോണ്‍ഗ്രസ് ഈ വിധം ഇന്ത്യയെ വഞ്ചിക്കുമ്പോള്‍ കൂട്ടുപ്രതികളായി മുഖ്യധാരാമാധ്യമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുക തന്നെയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു പ്രിയങ്ക പൊടുന്നനെ വരുമ്പോള്‍ കോണ്‍ഗ്രസും മനോരമയും മാതൃഭൂമിയും എത്രമാത്രം അരാഷ്ടീയമായാണ് അതിനെ സമീപിച്ചതെന്നു നോക്കൂ. നാണിപ്പിക്കും വിധമുള്ള പൈങ്കിളിക്കൊച്ചുവര്‍ത്തമാനങ്ങളിലൂടെ ഇന്ത്യന്‍ ജനതയെ എത്ര നിര്‍ദ്ദയമായാണ് പരിഹസിക്കുന്നതെന്നു നോക്കൂ. ഇന്ദിരയുടെ അതേ മൂക്കും മുടിയുമാണ് പ്രിയങ്കയ്ക്കുമുള്ളതെന്ന് കണ്ടെത്തിയത് നമ്മുടെ മാധ്യമങ്ങളാണ്. പ്രിയ്യങ്കയുടെ കണ്ണും മൂക്കും ഇന്ദിരയെ മുറിച്ചു വെച്ചതു പോലെയുണ്ടെന്ന് ഒരു കെപിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞതായും അതു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ ആവേശത്തിളക്കമുണ്ടായിരുന്നുവെന്നും ഒരു മുന്‍ ജനപ്രതിനിധിയുടെ കുറിപ്പു കാണുകയുണ്ടായി.
അതെ, ഒരു നേതാവിനെ അവതരിപ്പിക്കുകയാണ്. കണ്ണ്, മൂക്ക്, മുടി! മുമ്പ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മനോരമയിലെ ഒരു പ്രധാന വാര്‍ത്ത ‘ഉമ്മന്‍ ചാണ്ടി മുടി വെട്ടാറില്ല ‘ എന്നായിരുന്നു. എന്നിട്ടും മതിവരാതെ പിറ്റേ ദിവസം ‘ഉമമന്‍ ചാണ്ടി മുടി ചീകാറുമില്ല’ എന്ന തുടര്‍ വാര്‍ത്തയും നല്കി മുടിയിലെ പിടിവിടാതെ കാത്തു. പ്രിയങ്ക സാരി ഉടുക്കുന്നത് ഇന്ദിരാഗാന്ധിയുടെ സ്റ്റൈലിലാണ് എന്ന് കണ്ടെത്തിയതും മനോരമയാണ്. ഇന്ദിരയുമായുള്ള രൂപ സാദൃശ്യമാണ് പ്രിയങ്കയുടെ കൈമുതലെന്നും മനോരമ ആവര്‍ത്തിച്ചു. അവരുടെ മനോഹരമായ ചിരിയും പലവട്ടം പത്രം പരാമര്‍ശവിധേയമാക്കി. ‘ചെങ്കല്ല് നിറമുള്ള ചെട്ടിനാട് സാരിയില്‍ അസൂയപ്പെടുത്തിയ പ്രിയങ്കയെ ‘ ക്കുറിച്ച് പറയുന്നത് മാതൃഭൂമിയാണ്. ‘പോച്ചം പള്ളി മുതല്‍ ചെട്ടിനാടു് ‘ വരെയുള്ള വൈവിധ്യങ്ങളിലും പ്രിയങ്ക ഇന്ദിരാ സാരി സ്റ്റൈല്‍ കൈവിടുന്നില്ലെന്ന് മാതൃഭൂമി വിശദീകരിക്കുന്നു. പോച്ചം പള്ളിയിലെയും മറ്റും കൈത്തറി മേഖലയുടെ തകര്‍ച്ചയെ കുറിച്ചു പറയുമ്പോഴും എന്തു ബദല്‍ നയമാണെന്ന് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നതെന്ന് പറയാത്തിടത്തോളം ഇത്തരം പൈങ്കിളി വര്‍ത്തമാനങ്ങള്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. അതെ, കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ശ്രീമതി പ്രിയങ്കയെ കോണ്‍ഗ്രസും മനോരമയും മാതൃഭൂമിയും ചേര്‍ന്ന് ഒരു തിരഞ്ഞെടുപ്പ് രംഗത്ത് അവതരിപ്പിക്കുന്ന രീതിയാണിത്.
കണ്ണ്, മൂക്ക്, മുടി , സാരി ,ചിരി….!
പൊതുരംഗത്തേയ്ക്കു കടന്നു വരുന്ന ഒരു വനിതയോട് വികസന കാഴ്ചപ്പാടുകളോ , ബദല്‍ നയമോ ആരായാതെ അവരുടെ വസ്ത്രധാരണത്തെയും ശരീരത്തെയും പറ്റി മാത്രം പറയുന്നത് അരാഷ്ട്രീയം മാത്രമല്ല സ്ത്രീവിരുദ്ധം കൂടിയാണ്. ഇതൊരു വഞ്ചനയാണ്, രാഷട്രീയ കുറ്റകൃത്യമാണ്. സാധാരണക്കാരും, ദളിതരും കര്‍ഷകരും ഉള്‍പ്പെടുന്ന ഇന്ത് ല്‍ ജനസാമാന്യത്തോട്, ഇന്ത്യയോട് ചെയ്യുന്ന ക്രൂരതയാണ്. കണ്ണും മൂക്കും സാരിയും കൊണ്ട് നിങ്ങള്‍ക്ക് ജീവനൊടുക്കിയ കര്‍ഷകന്റെ വിലാപങ്ങളെ മുടി വെക്കാനാവില്ല . നിങ്ങളുടെ
സാരിപുരാണപ്പൈങ്കിളി എത്ര ഉയരത്തില്‍ ചിറകടിച്ചു പറന്നാലും വിശന്നു മരിക്കുന്ന ഇന്ത്യന്‍ കുട്ടികളുടെ കുഴിമാടങ്ങള്‍ ശാന്തമാവില്ല. രാഷ്ട്രം നേരിടുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ , ഒരു ജനതയുടെ വിശപ്പിന്റെയും നിരാശയുടെയും വിലാപങ്ങളുടെയും മുന്നില്‍ നിങ്ങള്‍ മൂക്കിനെക്കുറിച്ച് ഉപന്യാസമെഴുതുകയാണ് പക്ഷേ ഞങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് ചിന്തിക്കാതെ വയ്യ. അതിനാല്‍ നിങ്ങളൊത്തുചേര്‍ന്ന് ജനാധിപത്യത്തെ ചായം പൂശി കെട്ടുകാഴ്ചയാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിണ്ടു കീറിയ പാദങ്ങളെക്കുറിച്ച്, ഇന്ത്യന്‍ കര്‍ഷകരുടെ സ്വപ്നങ്ങളെ കരിച്ചു കളഞ്ഞ നിങ്ങളുടെ നയങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കും. ജീവിതം വഴിമുട്ടിയവന്റെ ആത്മഹത്യകളൊക്കെയും ഭരണകൂട കൊലപാതകങ്ങളാണെന്ന സത്യം ഞങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ അന്യായമായ വിലവര്‍ദ്ധനവിനെക്കുറിച്ച്, അഴിമതിയെക്കുറിച്ച് തൊഴിലില്ലായ്മയെക്കുറിച്ച് ഒക്കെ ഞങ്ങള്‍ സംസാരിക്കും. മരിച്ചു പോയവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും വേണ്ടി ഞങ്ങള്‍ സംസാരിക്കും. ഇന്ത്യയെ തകര്‍ക്കുന്ന വര്‍ഗീയതക്കെതിരെ , ഒരേ തൂവല്‍ പക്ഷികളുടെ വികലമായ സാമ്പത്തിക നയങ്ങള്‍ക്കും, കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരെ , ഇന്ത്യയെക്കുറിച്ച് നാളത്തെ ഇന്ത്യയെക്കുറിച്ച് ഇവിടെ നാം ചിന്തിച്ചേ മതിയാവൂ.
Discussion about this post