കൊച്ചി: കൊച്ചിയില്‍ ആക്രമിച്ച കേസിന്റെ പ്രാഥമിക വാദം ഇന്ന് തുടങ്ങിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യ പ്രകാരം പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജി മുമ്പാകെയാണ് വാദം. കേസിന്റെ പ്രാഥമിക വാദം കേള്‍ക്കാനായി ദിലീപ് ഒഴികെയുള്ള ബാക്കി ഒമ്പത് പ്രതികളും കോടതിയില്‍ എത്തിയിരുന്നു.
അതേ സമയം കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യ വാദത്തിന് കോടതി നിര്‍ദേശം നല്കി. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന് ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രാഥമിക വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികള്‍ക്കുമെതിരെ പോലീസ് ചുമത്തിയ കുറ്റം നിലനില്‍ക്കുമോ എന്ന് കോടതി തീരുമാനിക്കുക. കുറ്റം നിലനില്ക്കുമെങ്കില് മാത്രമേ വിചാരണ നടപടികളിലേക്ക് കടക്കൂ.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ബാധിക്കാത്ത രേഖകള്‍ പ്രതികള്‍ക്ക് നല്കുന്നതില് തടസ്സമില്ലെന്നും ഏതൊക്കെ രേഖകളാണ് പ്രതിഭാഗത്തിന് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന് എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post