സുല്‍ത്താന്‍ ബത്തേരി: സിപിഎമ്മിനെ പിന്തുണച്ച് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി കേരളാ കോണ്‍ഗ്രസ് ചെയര്മാന് രംഗത്ത്. രാഹുല്‍ ഗാന്ധി തന്നെ ഇന്നലെ നേരിട്ട് വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് ചെയര്‍മാന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. അതേസമയം അദ്ദേഹത്തോട് കേരളാ കോണ്‍ഗ്രസ് നേതൃത്വവും ജില്ലാ കമ്മിറ്റിയും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളെ കാലു വാരി തോല്പിച്ച ചരിത്രമുള്ള കോണ്‍ഗ്രസിന് വേണ്ടി താനെന്തിനാണ് രാജി വയ്ക്കുന്നതെന്നാണ് സാബു ചോദിക്കുന്നത്.
അതേസമയം സിപിഎമ്മുമായി സഖ്യമുപേക്ഷിച്ച യുഡിഎഫിനൊപ്പം നില്ക്കുക എന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നാണ് സാബു പറയുന്നത്. യുഡിഎഫിന്റെ വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം തന്നോട് സഖ്യത്തില്‍ നിന്ന് പിന്മാറാന് പറയുന്നത്. പാര്‍ട്ടി നേതൃത്വം പറയുന്നത് കേട്ടില്ലെങ്കില്‍ വരാവുന്ന കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള നടപടിയെ ഭയക്കുന്നില്ലെന്നും സാബു പറയുന്നു.
ഇടതുമുന്നണിക്കൊപ്പം സഹകരിക്കാമെന്ന ധാരണയിലാണ് സാബുവെന്നുമാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം പറയുന്നത്. ഇടതുമുന്നണിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അതിനാല്‍ രാജിവയ്ക്കാനാവില്ലെന്നുമുള്ള സാബുവിന്റെ വിശദീകരണത്തില്‍ ജില്ലാകമ്മിറ്റി തൃപ്തരല്ല. രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തുന്നതിന് മുമ്പ് രാജിവയ്ക്കണമെന്ന് ജോസ് കെ മാണി നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സാബു ഇതുവരെ തയ്യാറായിട്ടില്ല.
Discussion about this post