കൊച്ചി: നിങ്ങളുണ്ടാക്കിയതല്ലേ പ്രളയം..! രാഹുല്‍ ഗാന്ധിയുടെ ചിത്രവും വെച്ച് യുഡിഎഫ് കേരള എന്ന ഫേസ്ബുക്ക് പേജില്‍ ഇന്നലെ മുതല്‍ പ്രചരിച്ചുവരുന്ന പോസ്റ്റര്‍ ആണ് ഇന്ന് വിവാദത്തിലേയ്ക്ക് കൂപ്പു കുത്തി വീണിരിക്കുന്നത്. ഡാം തുറന്ന് വിട്ട് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതാണെന്ന സന്ദേശം ലക്ഷ്യമിട്ട് ഡാമിലേയ്ക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു മധ്യവയസ്‌കന്റെ ചിത്രം വെച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്.
എന്നാല്‍ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്ന യുവാവ്. റാഫേല്‍ എന്ന ആളാണ് ചിത്രത്തിലുള്ളത്. അത് തന്റെ അമ്മാവനാണെന്നും സിനിമയുടെ ഭാഗമായി ഒരു സ്റ്റില്‍ വേണമെന്ന് പറഞ്ഞ് നിര്‍ത്തിയതാണെന്നും ലാല്‍സണ്‍ പറയുന്നു. എന്നാല്‍ ദിവസം പിന്നിട്ടപ്പോള്‍ അമ്മാവനായ റാഫേലിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് യുഡിഎഫ് കേരള എന്ന കോണ്‍ഗ്രസിന്റെ പേജിലാണെന്നും യുവാവ് പറയുന്നു. പ്രചരിക്കുന്ന ചിത്രം ഉള്‍പ്പടെയാണ് സംഭവം പുറത്ത് വിട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ സംഭവം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ‘പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ ഇടനാട് പ്രദേശവാസിയോ അല്ല താനും അമ്മാവനും, കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്’ പോസ്റ്ററിലെ മറ്റൊരു വൈരുദ്ധ്യം കൂടി ലാല്‍സണ്‍ കുറിച്ചു. പതിവായി എന്നും വൈകുന്നേരം അമ്മാവന്‍ ഗാസ്പര്‍ ചേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറില്‍ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു.
‘ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ ? ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവര്‍ വിളിക്കാമെന്ന് പറഞ്ഞ് പോയി. ശേഷമാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതെന്ന് ലാല്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ മറ്റൊരു നിജസ്ഥിതി കൂടയുണ്ട്. പ്രളയം ഉണ്ടായ സമയത്ത് തന്റെ അമ്മാവന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്ന് ലാല്‍സണ്‍ ബിഗ് ന്യൂസിനോട് പറഞ്ഞു. പ്രളയ സമയത്ത് അമ്മാവന്‍ റിയാദില്‍ ആയിരുന്നുവെന്നും പ്രളയം എല്ലാം മാറി സെപ്തംബര്‍ 30നാണ് രാജ്യത്തേയ്ക്ക് മടങ്ങി വന്നതെന്നും ലാല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഇതുപോലെ നിരവധി പേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്.