തൃശ്ശൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ നീതുവിന്റെ സംസ്കാരം ഇന്ന്. തൃശ്ശൂര്‍ ചീയാരത്ത് ആയിരുന്നു ഇന്നലെ നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ച ശേഷം ശാന്തിഘട്ടില്‍ സംസ്കരിക്കും.
അതേസമയം സംഭവത്തിലെ പ്രതിയായ നിധീഷിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ നെടുപുഴ പോലീസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നീതുവിന്റെ വീട്ടിലെത്തി കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിധീഷിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എംബിഎ ബിരുദധാരിയായ നിധീഷ് കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് നിധീഷ് പോലീസിനോട് വെളിപ്പെടുത്തിയത്. ഈ ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ ആണ് നീതുവിന്റെ വീട്ടിലെത്തിയ നീധീഷ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post