കറുകച്ചാല്‍: സ്വകാര്യ ബസ് യാത്രയ്ക്കിടെ പോക്കറ്റടിച്ചതിന് പിടികൂടിയ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് ഞെട്ടി ബസിലെ യാത്രക്കാരും പോലീസും. തങ്ങള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത് കൊടും കുറ്റവാളിയെയാണെന്ന് ബസ് ജീവനക്കാരും യാത്രക്കാരും തിരിച്ചറിഞ്ഞിരുന്നില്ല. സ്വകാര്യബസ് യാത്രയ്ക്കിടെ വയോധികന്റെ പേഴ്സ് അടിച്ചുമാറ്റിയ പിഎം സുരേഷ് എന്ന സുരയെ കഴിഞ്ഞദിവസമാണ് ബസിലെ മറ്റ് യാത്രക്കാരും ജീവനക്കാരും പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചത്. കറുകച്ചാലിലാണ് സംഭവം.
വാഴൂര്‍ തീര്‍ഥപാദപുരം ആലപ്പള്ളി ശിവദാസന്‍ നായരു(60)ടെ പണമടങ്ങിയ പേഴ്സാണു ചൊവ്വാഴ്ച രാത്രി 8.15ഓടെ സുര അടിച്ചുമാറ്റിയത്. ചങ്ങനാശേരിയില്‍ നിന്നു കൊടുങ്ങൂരിലേക്കു വന്ന ബസ് കറുകച്ചാല്‍ എന്‍എസ്എസ് ജംക്ഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. 524 രൂപയും രേഖകളുമാണു പഴ്സില്‍ ഉണ്ടായിരുന്നത്. പോക്കറ്റടിച്ചെന്നു മനസ്സിലായതോടെ ശിവദാസന്‍ വിവരം ബസ് ജീവനക്കാരോടു പറയുകയും സമീപത്തു നിന്ന സുരേഷിനെ സംശയം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു സംഭവത്തില്‍ ഇടപെട്ട യാത്രക്കാരും ബസ് ജീവനക്കാരും സുരേഷിനെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ബസ് കറുകച്ചാലില്‍ എത്തിയതോടെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ അപഹരിച്ച പേഴ്സും പണവും കണ്ടെത്തി.
തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തിയപ്പോഴാണ് ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായത്. സുരേഷ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ്. അടിപിടി സംബന്ധിച്ചും തൃക്കൊടിത്താനം പോലീസില്‍ കേസ് നിലവിലുണ്ട്. 2001ല്‍ ചങ്ങനാശ്ശേരിയില്‍ ബാറില്‍ യുവാവിനെ അടിച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാളെന്നും പോലീസ് തിരിച്ചറിഞ്ഞു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കറുകച്ചാല്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.
Discussion about this post